ആലപ്പുഴ മെഡിക്കൽ കോളജിലെ രോഗിക്ക് കോവിഡ്; ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലേക്ക്?

പനിയും തലവേദനയുമായി ആശുപത്രിയിലെത്തിയ മുഹമ്മ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ആലപ്പുഴ മെഡിക്കൽ കോളജിലെ രോഗിക്ക് കോവിഡ്; ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലേക്ക്?

ആലപ്പുഴ:  മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ കോവിഡ് ഐസലേഷൻ വാർഡിലേക്കു മാറ്റി. പനിയും തലവേദനയുമായി ആശുപത്രിയിലെത്തിയ മുഹമ്മ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിൽ പോകേണ്ടി വരും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേരുന്നു.

സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും 29 വരെ വിലക്ക് ഏർപ്പെടുത്തി. സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്ന പശ്ചാത്തലത്തിൽ ഈ മാസത്തിന്റെ തുടക്കത്തിൽ ആലപ്പുഴ ജില്ലയുടെ തീരമേഖലകളിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. ഇപ്പോൾ ജില്ല മുഴുവനും മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

ജില്ലയിൽ ഇന്നലെ മാത്രം 46 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. പതിനൊന്നു പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com