സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ 65 ശതമാനവും അതത് പ്രദേശങ്ങളില്‍ നിന്ന്; തിരുവനന്തപുരത്ത് 94.4 ശതമാനം; ചെറുക്കാന്‍ നമുക്കുള്ള സൗകര്യങ്ങള്‍ എന്തെല്ലാം?

സംസ്ഥാനത്ത് ആകെയുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 65.16 ശതമാനം അതത് പ്രദേശങ്ങളില്‍ നിന്നുതന്നെ (ലോക്കലി അക്വയേര്‍ഡ്)യാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ 65 ശതമാനവും അതത് പ്രദേശങ്ങളില്‍ നിന്ന്; തിരുവനന്തപുരത്ത് 94.4 ശതമാനം; ചെറുക്കാന്‍ നമുക്കുള്ള സൗകര്യങ്ങള്‍ എന്തെല്ലാം?

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 65.16 ശതമാനം അതത് പ്രദേശങ്ങളില്‍ നിന്നുതന്നെ (ലോക്കലി അക്വയേര്‍ഡ്)യാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ 94.4 ശതമാനം.

ഇന്ത്യയില്‍ കേസ് പെര്‍ മില്യന്‍ 864.4 ആണ്. കേരളത്തില്‍ 419.1. ഫെറ്റാലിറ്റി റേറ്റ് ഇന്ത്യയുടേത് 2.41 ആണ്. കേരളത്തിന്റേത് 0.31 സംസ്ഥാനത്ത് ഇതുവരെ 86,959 പേരെ പ്രൈമറി കോണ്‍ടാക്ടുകളായി കണ്ടെത്തിയിട്ടുണ്ട്. സെക്കന്ററി കോണ്‍ടാക്ടുകളായി 37,937 പേരെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകള്‍ക്കു പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ തയ്യാറായിട്ടുണ്ട്. അവയില്‍ 4535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍ 95 മാസ്‌കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രീ ലെയര്‍ മാസ്‌കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്‌റ്റോക്കുണ്ട്.

80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയിട്ടുണ്ട്. 270 ഐസിയു വെന്റിലേറ്ററുകള്‍ കേന്ദ്ര ഗവണ്‍മെന്റില്‍നിന്നു ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും പ്രതീക്ഷിക്കുന്നു.

6007 വെന്റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള ഓക്‌സിജന്‍ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കല്‍ കോളജുകളിലും ലിക്വിഡ് ഓക്‌സിജന്‍ സൗകര്യം ലഭ്യമാണ്.

947 ആംബുലന്‍സുകള്‍ കോവിഡ് കാര്യങ്ങള്‍ക്കു മാത്രമായി സജ്ജമാണ്. ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. നിലവിലുള്ള സാഹചര്യം നേരിടാന്‍ നാം സജ്ജരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com