ഷെഡ് കെട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകമായി ; സിനോജിന്റെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍ ; പ്രതിക്കൊപ്പം മറ്റുമൂന്നുപേര്‍ കൂടി ?

സ്വാഭാവിക മരണമെന്ന് കരുതിയ കേസ്, ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു
മരിച്ച സിനോജ്‌
മരിച്ച സിനോജ്‌

കണ്ണൂര്‍ : കണ്ണൂര്‍ മുണ്ടേരി മാവിലച്ചാലില്‍ വീടിന് സമീപത്തെ വയലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍.  പെയിന്റിങ് തൊഴിലാളിയായ മാവിലച്ചാല്‍ വടയമ്പേത്തുവീട്ടില്‍ പി സന്തോഷ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 22 നാണ് മുണ്ടേരി കാനച്ചേരി മാവിലച്ചാലിലെ വയലില്‍ നിര്‍മാണത്തൊഴിലാളി കെ സിനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കൃഷിയിടത്തില്‍ ഷെഡ് കെട്ടിയതിനെച്ചൊല്ലി, മദ്യപിച്ചശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമെന്ന് കരുതിയ കേസ്, ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. രാത്രി വീട്ടില്‍ നിന്നു പോയ സിനോജ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പിറ്റേന്നു രാവിലെ ആറരയോടെ വയലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  

കഴുത്തിനു ക്ഷതമുണ്ടെന്നും കഴുത്തു ഞെരിച്ചിട്ടുണ്ടാകാമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണപ്പെട്ടതിന്റെ 20 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെ താമസക്കാരനായ സന്തോഷ് പിടിയിലായത്. സിനോജും സുഹൃത്തുക്കളും ചേര്‍ന്നു സന്തോഷിന്റെ വീടിനു സമീപത്തെ വയലില്‍ കൃഷി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ഒരു ഷെഡ് കെട്ടി. ഷെഡ്ഡില്‍ മദ്യപാനവും മറ്റും നടക്കുന്നുവെന്നു സമീപവാസികള്‍ക്കു പരാതിയുണ്ടായിരുന്നു.

ഷെഡ് ആരോ പൊളിച്ചുമാറ്റിയതിനെത്തുടര്‍ന്ന് ജൂണ്‍ 21നു സിനോജും സുഹൃത്തുക്കളും വീണ്ടും ഷെഡ് കെട്ടി. ഷെഡ് ആരെങ്കിലും പൊളിക്കുന്നുണ്ടോ എന്നു നോക്കാനാണു രാത്രി പത്തിനുശേഷം സിനോജ് ബൈക്കില്‍ വയലിനു  സമീപമെത്തിയത്. ഇവിടെവച്ച് സന്തോഷുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സന്തോഷ് സിനോജിന്റെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇരുവരും മദ്യലഹരിയിലായിരുന്നു. മൃതദേഹത്തിന്റെ കയ്യില്‍നിന്നു കിട്ടിയ മുടിനാരും മല്‍പിടിത്തത്തിനിടെ സന്തോഷിന്റെ മുതുകിലേറ്റ പരുക്കും സന്തോഷിനെതിരെ നിര്‍ണായക തെളിവായെന്നും കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു. സിനോജിന്റെ കൊലപാതകം നടന്ന രാത്രിയില്‍ മൂന്നു പേര്‍ കൂടി സന്തോഷിനൊപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ രണ്ടു പേര്‍ സന്തോഷിന്റെ അടുത്ത ബന്ധുക്കളാണ്. ഇവര്‍ നാലു പേരും കൂടിയാണ് രാത്രിയില്‍ മദ്യപിച്ചത്. എന്നാല്‍ കൊലപാതകവും അതിലേക്കു നയിച്ച വാക്കുതര്‍ക്കവും നടക്കുന്ന സമയത്ത് ഈ മൂന്നു പേരും സന്തോഷിനൊപ്പം ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം ഒരു തെളിവുമില്ലാതെ സന്തോഷിന്റെ മേല്‍ കുറ്റം കെട്ടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് മര്‍ദിച്ചു കുറ്റംസമ്മതിപ്പിച്ചുവെന്നും സന്തോഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com