'സംക്രമണം പൂര്‍ണമായി ഇല്ലാതാവാന്‍ 60 ദിവസം വീടിനു വെളിയില്‍ ഇറങ്ങാതിരിക്കണം' , അതിനു ശേഷമോ? കുറിപ്പ്

'സംക്രമണം പൂര്‍ണമായി ഇല്ലാതാവാന്‍ 60 ദിവസം വീടിനു വെളിയില്‍ ഇറങ്ങാതിരിക്കണം' , അതിനു ശേഷമോ? കുറിപ്പ്
'സംക്രമണം പൂര്‍ണമായി ഇല്ലാതാവാന്‍ 60 ദിവസം വീടിനു വെളിയില്‍ ഇറങ്ങാതിരിക്കണം' , അതിനു ശേഷമോ? കുറിപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. തോല്‍ക്കുന്ന കുട്ടികളെ തല്ലിപ്പഠിപ്പിക്കാന്‍ നോക്കുന്നതു പോലെ നിരര്‍ഥകമാണ് വീണ്ടും വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജേക്കബ് പുന്നൂസ് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വൈറസിന്റെ സംക്രമണം പൂര്‍ണമായി ഇല്ലാതാവണമെങ്കില്‍ അറുപതു ദിവസമെങ്കിലും എല്ലാവരും വീടിനു വെളിയില്‍ ഇറങ്ങാതെ ഇരിക്കണം. അതിനു ശേഷവും മറ്റിടങ്ങളില്‍നിന്നു വൈറസ് പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്.

LOCKDOWN വീണ്ടും?
പണ്ട്, എന്റെ ചെറുപ്പത്തിൽ, ALL PASS എന്ന സമ്പ്രദായത്തിന് മുൻപ്, പല ക്ലാസ്സിലും നാലും അഞ്ചും പ്രാവശ്യം തോൽക്കുന്ന കുട്ടികളുണ്ടായിരുന്നു. ഓരോ പരീക്ഷയിൽ തോല്കുമ്പോഴും അവരെ നന്നാക്കാൻ അധ്യാപകർ ആശ്രയിച്ചത് ചൂരൽചികിത്സയെയായിരുന്നു. പക്ഷേ ചൂരൽ ഒരു ബുദ്ധി വികസനഉപാധി അല്ല . അതുകൊണ്ടു എത്ര അടി കൊണ്ടാലും കുട്ടി പിന്നെയും തോൽക്കും. തോൽക്കുന്തോറും അടി വീണ്ടും കൂടും . അടി കൂടുമ്പോൾ വീണ്ടും തോൽക്കും. അവസാനം അഞ്ചാം ക്ലാസ്സിൽ വച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കും.

ഏതാണ്ട് ആ ചൂരലിന്റെ സ്ഥാനമാണ് ഇന്നു ലോക്ക് ഡൗണിനും ഉള്ളത്. അതു വൈറസിനെ ഇല്ലാതാക്കുന്നില്ല. മാസ്‌ക് - സോപ്പ് - അകല - വിദ്യകൾ ജനം പരിശീലിക്കാത്തതു കൊണ്ടു വൈറസ് പടരുന്നു. അതിനു മരുന്നായി ജനത്തിന് അടച്ചുപൂട്ടൽചികിത്സ . അതു കഴിഞ്ഞാൽ വീണ്ടും വൈറസ് പടരും. അപ്പോൾ വീണ്ടും അടച്ചു പൂട്ടൽ. അങ്ങനെ മാറി മാറി പൂട്ടലും പടരലും സഹിച്ചു സഹിച്ചു ജനം കോവിഡും പട്ടിണിയും ഒരുപോലെ അനുഭവിച്ചു സഹികെട്ടു നിസ്സംഗരും നിരാലംബരും ആകും.

അദൃശ്യമായ വൈറസിനെ പൂട്ടിയിടാൻ പറ്റില്ല. അതുകൊണ്ടു അതിന്റെ വാഹകരെന്നു സംശയിക്കുന്നവരെ പൂട്ടുക എന്നതാണ് lockdown യുക്തി.

നാട്ടിൽ രോഗമില്ലാതിരുന്ന നാളുകളിൽ, വൈറസ് പരദേശിയായിരുന്നു. അപ്പോൾ മറുനാട്ടിൽ നിന്ന് വരുന്ന രോഗസാധ്യത ഉള്ളവരെ വേർതിരിച്ചു സൂക്ഷിച്ചാൽ പടരൽ തടയാൻ കഴിയും. നമുക്കതു ഒരിക്കൽ നല്ലതുപോലെ സാധിച്ചു. അത്തരം പരദേശ സംസർഗ സാധ്യതയിൽ നിന്ന് നാട്ടുകാർക്ക് ഒഴിവാകാൻ അൽപകാല lockdown സഹായകം.

പക്ഷേ വൈറസ് മുഖ്യമായും സ്വദേശിയായി ഇന്നു മാറി. മറുനാടൻ യാത്ര ചെയ്യാത്തവരിലും അറിഞ്ഞോ അറിയാതെയോ വൈറസ്സുണ്ട്. ആരിൽനിന്നും എപ്പോഴും രോഗം പടരാം. അതുകൊണ്ടു എല്ലാവരും വായും മൂക്കും പൊത്തി അകലവും ശുചിത്വവും പാലിച്ചാലേ, വ്യാപനം നിയന്ത്രിക്കാൻ പറ്റൂ.

എല്ലാവരെയും പൂട്ടിയിട്ടാലും പതിനായിരക്കണക്കിന് വ്യക്തികൾക്കു വൈറസ് ബാധ അവരറിയാതെ ഇപ്പോൾ തന്നെ ഉള്ളതുകൊണ്ട് അടച്ചുപൂട്ടിയാലും അവർക്കു രോഗം വരും. അവർ അപ്പോൾ അടുപ്പക്കാർക്കു രോഗം നൽകും. അത്തരം സംക്രമണം പൂർണമായി ഇല്ലാതാകണം എങ്കിൽ എല്ലാവരും തുടർച്ചയായി 60 ദിവസം വീട്ടിനു വെളിയിൽ ഇറങ്ങാതിരിക്കണം.ആ രീതിയിലുള്ള പൂർണ lockdown പ്രായോഗികമായി സാധ്യമല്ല. കാരണം അങ്ങനെ വന്നാൽ പട്ടിണിയും മറ്റു രോഗങ്ങളും മാനസികപ്രശ്നങ്ങളും മറ്റു രീതിയിൽ കടുത്ത ജീവനഷ്ടമുണ്ടാക്കും.

ഇതെല്ലാം സഹിച്ചു, ഈ അറുപതു ദിവസം കഴിഞ്ഞു വെളിയിൽ വന്നാൽ, വീണ്ടും അതിർത്തികളിലൂടെയും അന്തർസംസ്ഥാന വിദേശ വ്യാപാരത്തിലൂടെയും
ചന്തകളിലൂടെയും പച്ചക്കറിയിലൂടെയും വൈറസ് വീണ്ടും വന്നു വ്യാപിക്കും. അപ്പോൾ പിന്നീട് , ഇതേ പോലെ, രണ്ടു മാസം കഴിഞ്ഞു വീണ്ടും ഒരു lockdown ആവശ്യം വരും !!

പ്രശ്നം ഗുരുതരം.
പക്ഷേ, വീണ്ടും വീണ്ടും ലോക്ക് ഡൌൺ .. ഒന്നും പരിഹരിക്കില്ല.
Lockdownൽ തന്നെ പല സ്ഥലങ്ങളിലും രോഗികൾ കൂടി എന്നും ഓർക്കുക.
ജാഗ്രതയോടെ അകലം പാലിക്കാം: സോപ്പിടാം: മാസ്‌കിടാം. കോവിടിൽനിന്നു രക്ഷപെടാം!
വാക്സിനായി കാത്തിരിക്കാം!
ലോക്ക് ഡൌൺ ഒഴിവാക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com