സംസ്ഥാനം അടച്ചിടേണ്ട ;  സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനി ഗുണം ചെയ്യില്ലെന്ന് ഐഎംഎ 

പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ല
സംസ്ഥാനം അടച്ചിടേണ്ട ;  സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനി ഗുണം ചെയ്യില്ലെന്ന് ഐഎംഎ 

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. 

ലോക്ക്ഡൗണ്‍ എന്നത് അവസാനത്തെ ആശ്രയമാണ്. നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. മാത്രമല്ല ഒട്ടേറെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന് കഴിഞ്ഞിരുന്നു. 

ഇവിടെ സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് പ്രസക്തിയില്ല. നമ്മുടെ അടുത്തിരിക്കുന്നവരെല്ലാം പോസിറ്റീവ് ആണെന്ന് ധരിക്കേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ല. 

ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒരു ലോക്ക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തേണ്ടി വന്നേക്കും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് നല്ലത്. ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ റീജിയണലായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് എല്ലാസ്ഥലത്തും ഒരുപോലെ പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഒരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും ഡോ. എബ്രഹാം വര്‍ഗീസ്  മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികള്‍ വര്‍ധിക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും കോവിഡ് ടെസ്റ്റ് പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎ സമൂഹവ്യാപനം ഉണ്ടായി എന്ന മുന്നറിയിപ്പ് നല്‍കിയത്. ഇത് സര്‍ക്കാരിന് വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള ജാഗ്രതാ നിര്‍ദേശമാണ്. അല്ലാതെ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com