സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ തീരുമാനം തിങ്കളാഴ്ച ; 27 ന് പ്രത്യേക മന്ത്രിസഭായോഗം

സര്‍വകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിസഭായോ​ഗത്തിൽ ധാരണയായി 
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ തീരുമാനം തിങ്കളാഴ്ച ; 27 ന് പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചു. പ്രാദേശികമായി പലസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനം വീണ്ടും പൂര്‍ണമായും അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സര്‍വകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാമെന്ന് ധാരണയായി. 

കോവിഡ് പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മണ്ഡലങ്ങളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന എംഎല്‍എമാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നതിലുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണ് സമ്മേളനം മാറ്റിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com