ഇരിങ്ങാലക്കുടയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, നാളെ മുതല്‍ പ്രാബല്യത്തില്‍; ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല

സമ്പര്‍ക്ക രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  സമ്പര്‍ക്ക രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം. ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ ഇന്നലെ മാത്രം സമ്പര്‍ക്കം വഴി 16 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.  സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. 

ഇന്നലെ തൃശൂരില്‍ 83 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 1024 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്. സമ്പര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.കേന്ദ്രത്തില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

ജില്ലയിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇന്നലെ 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാര്‍ഡ്/ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് പുതിയ നിയന്ത്രണങ്ങള്‍. കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 31ാം ഡിവിഷന്‍, തൃശൂര്‍ കോര്‍പറേഷന്‍ 40, 44 ഡിവിഷനുകള്‍, നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകള്‍ എന്നിവയാണ് ഇന്നലെ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. അതേസമയം, രോഗപകര്‍ച്ച സാധ്യത കുറഞ്ഞ ഗുരുവായൂര്‍ നഗരസഭ 35-ാം ഡിവിഷനും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാര്‍ഡുകളിലും ഡിവിഷനുകളിലും നിയന്ത്രണങ്ങള്‍ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com