ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഒതുക്കാന്‍ ആര്‍എസ്എസ് ചെന്നിത്തലയെ പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി കോടിയേരി 

 കേരളത്തിലെ ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഒതുക്കാന്‍ ആര്‍എസ്എസ് ചെന്നിത്തലയെ പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി കോടിയേരി 

തിരുവനന്തപുരം:  കേരളത്തിലെ ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും ഇല്ലാത്ത ഒരു യുഡിഎഫ് നേതൃത്വമാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി എല്ലാവിധ പ്രോത്സാഹനവും ആര്‍എസ്എസ് ചെന്നിത്തലയ്ക്ക് നല്‍കുന്നതായി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമായ ശ്രമമാണിത്. ആര്‍എസ്എസിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനെതിരെ ആക്രമണ തന്ത്രമാണ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്നത്. കേരളത്തിന് പുറത്ത് ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലാണ്. മധ്യപ്രദേശില്‍ കണ്ടതും രാജസ്ഥാനില്‍ കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. എന്നാല്‍ കേരളത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും ഒരേ മനസ്സാണ്. സംഘടിതമായി നുണപ്രചാരണം നടത്തി സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ തന്ത്രത്തിന് മുകളിലാണ് ഇവരുടെ നുണപ്രചാരണം. ആയിരം നുണകള്‍ ഒരേ സമയം പ്രചരിപ്പിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. അങ്ങനെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിനെ ഇകഴ്ത്തി കാട്ടാനുളള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒന്നും വീഴാതെ സര്‍ക്കാര്‍ വികസന അജന്‍ഡയുമായി  മുന്നോട്ടുപോകുമെന്ന് കോടിയേരി പറഞ്ഞു.

അടുത്തിടെ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒന്നാകെ ഇറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കോടിയേരി ആഹ്വാനം ചെയ്തു. എന്നാല്‍ സാമൂഹിക അകലം ഒന്നും പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരപരിപാടികള്‍ സമൂഹത്തിന് നല്‍കുന്നത്. സമുന്നതരായ നേതാക്കള്‍ പോലും സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയാണ്. ഇവര്‍ നല്‍കുന്ന സന്ദേശം സമൂഹത്തില്‍ കോവിഡിനെതിരായ ജാഗ്രത നഷ്ടപ്പെടുന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. ജാഗ്രത വീണ്ടെടുക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. തൊഴില്‍ നഷ്ടപ്പെടുന്നതിനും സമ്പദ്‌വ്യവസ്ഥ  താഴെ പോകുന്നതിനും ഇടയാക്കും. മുന്‍പ് നടന്ന ലോക്ക്ഡൗണില്‍ ഇത് കണ്ടതാണ്. എന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ ഇത് വേണ്ടി വരുമെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. സ്വര്‍ണക്കടത്തില്‍ എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്തി അന്വേഷണം നടത്താം. ശിവശങ്കറിനെതിരെയുളള അന്വേഷണം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിക്കില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ഏത് അന്വേഷണവും നടത്താനുളള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com