കടല്‍ത്തട്ട് ഇളകിമറിയുന്ന കാലം; കൊച്ചിയില്‍ ആനത്തിമിംഗലം ചത്തടിഞ്ഞു

എറണാകുളം തോപ്പുംപടിക്കടുത്ത് മാനാശേരി ഭാഗത്ത് ആനത്തിമിംഗലം ചത്തടിഞ്ഞു
കടല്‍ത്തട്ട് ഇളകിമറിയുന്ന കാലം; കൊച്ചിയില്‍ ആനത്തിമിംഗലം ചത്തടിഞ്ഞു

കൊച്ചി: തോപ്പുംപടിക്കടുത്ത് മാനാശേരി ഭാഗത്ത് ആനത്തിമിംഗലം ചത്തടിഞ്ഞു. ആനയോളം വലിപ്പമുള്ള തിമിംഗലം ചത്തിട്ട് മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇതിന്റെ ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായിട്ടുണ്ട്. അഴുകിത്തുടങ്ങിയതിനാല്‍ എടുത്ത് കരയിലെത്തിച്ച് കുഴിച്ചു മൂടുക പ്രായോഗികമല്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.

ഇത് കടലിന്റെ തിരയൊഴുക്കനുസരിച്ച് വടക്കു ഭാഗത്തേക്കു നീങ്ങുന്നുണ്ട്. മാനാശേരി സൊസൈറ്റിക്കു സമീപത്തുനിന്ന് ഇത് ഫോര്‍ട്ട്‌കൊച്ചിയിലേക്കാണ് ഒഴുകുന്നത്. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. മത്സ്യത്തൊഴിലാളികളും ഇതിനോട് അടുക്കാന്‍ തയാറായിട്ടില്ല. കടല്‍ അടിത്തട്ട് ഇളകിമറിയുന്ന സമയമായതിനാല്‍ ജഡം തീരത്ത് അടിഞ്ഞതാകാമെന്നാണു കരുതുന്നത്. 

ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാനയാണ് ഇതെന്നാണു കരുതുന്നത്. സസ്തനിയായ ഈ ജീവിക്ക് തുമ്പിക്കൈ മാതൃകയില്‍ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉള്‍ക്കടലില്‍ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടല്‍പായലുകളുമാണ് ഭക്ഷണം. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലും ആര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം സമാനമായ നിലയില്‍ ആനത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു. അഞ്ച് ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ടായിരുന്ന ഇത് വെട്ടി മുറിച്ച് കഷണങ്ങളാക്കിയാണ് മണ്ണുമാന്തിയുടെ സഹായത്തില്‍ അന്ന് കരയില്‍ കുഴിച്ചിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com