കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നവരുടേത് നീചമായ രാഷ്ട്രീയമെന്ന് കെ മുരളീധരന്‍

കെ മുരളീധരനോട് കോവിഡ് ടെസ്റ്റിന് വിധേയനാകാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. ഞാന്‍ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്. എന്റെ മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാന്‍ ഞാന്‍ പോയത് വിവാഹത്തലേന്നാണ്. വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. ഈ വ്യക്തിയെ ഞാന്‍ കണ്ടിട്ടുപോലുമില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.

രോഗം ഒരു തെറ്റല്ല. നാളെ ഇത് ആര്‍ക്കും വരാം. ഒരു പക്ഷേ ഞാന്‍ ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ പോയേനെ. ഇതിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യുന്നവര്‍ നീചമായ രാഷ്ട്രീയമാണ് കാണുന്നത്. കെ മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. 

കെ മുരളീധരനോട് കോവിഡ് ടെസ്റ്റിന് വിധേയനാകാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് വിവാഹ ആശംസ അറിയിക്കാനാണ് കെ മുരളീധരന്‍ പോയത്. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാന്‍ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്.
ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാന്‍ ഞാന്‍ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്).
ഞാന്‍ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.

വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്.
ഈ വ്യക്തിയുമായി ഞാന്‍ കണ്ടിട്ടുപോലുമില്ല.

അല്ലെങ്കില്‍ പോലും രോഗം ഒരു തെറ്റല്ല. നാളെ ഇത് ആര്‍ക്കും വരാം.
കൂടുതല്‍ പേര്‍ക്ക് വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യാം.
ഇതിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യുന്നവര്‍ നീചമായ രാഷ്ട്രീയമാണ് കാണുന്നത്.

ഒരു പക്ഷേ ഞാന്‍ ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ പോയേനെ.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം14 ദിവസം ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനില്‍ക്കാന്‍ കഴിയില്ല.
അങ്ങനെ ചെയ്യുകയുമില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശക്തമായി പ്രവര്‍ത്തിക്കും.
കുപ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആരും ശ്രമിക്കേണ്ട.
രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com