'പദ്മശ്രീ പട്ടികയില്‍നിന്ന് എന്റെ പേരു വെട്ടിയത് പാലോട് രവി, ചെന്നിത്തലയും മുല്ലപ്പള്ളിയും തിരിഞ്ഞുനോക്കിയില്ല'

'പദ്മശ്രീ പട്ടികയില്‍നിന്ന് എന്റെ പേരു വെട്ടിയത് പാലോട് രവി, ചെന്നിത്തലയും മുല്ലപ്പള്ളിയും എന്നെ തിരിഞ്ഞുനോക്കിയില്ല'
ചിത്രം: സാബു വര്‍ക്കല
ചിത്രം: സാബു വര്‍ക്കല

കൊച്ചി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ ശുപാര്‍ശ പട്ടികയില്‍നിന്നു തന്നെ വെട്ടി നടന്‍ മധുവിന്റെ പേര് ചേര്‍ക്കുകയായിരുന്നെന്ന് നടന്‍ ജികെ പിള്ള. എംഎല്‍എയായിരുന്ന പാലോട് രവിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ജികെ പിള്ള പറഞ്ഞു.

''2012-ല്‍ വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്റെ പേര് 'പത്മശ്രീ' നല്‍കാന്‍ കേന്ദ്രത്തിന് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ, ആ വര്‍ഷം എനിക്ക് കിട്ടിയില്ല. പാലോട് രവി എന്നു പറയുന്ന എം.എല്‍.എ ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് എന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിനു കൊടുത്തു'' - ജികെ പിള്ള അഭിമുഖത്തില്‍ പറയുന്നു. മധു പ്രഗത്ഭനാണ്. പുരസ്‌കാരത്തിന് അര്‍ഹനാണ്. പക്ഷേ, എന്റെ പേര് വെട്ടിയിട്ട് വേണമായിരുന്നോ മധുവിനു നല്‍കേണ്ടിയിരുന്നത്? '' -ജികെ പിള്ള ചോദിക്കുന്നു.

കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തനിക്കു നേരെ സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തന്നെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നത് വേദനാജകമാണെന്ന് ജികെ പിള്ള പറഞ്ഞു. ''അവരൊന്നും പിന്നീട് ഇതുവഴി തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയാണല്ലോ? പക്ഷേ, ഇന്നേ തീയതിവരെ അവരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. എന്നെയൊന്നു വിളിക്കുകപോലും ചെയ്തിട്ടില്ല.''

''രമേശ് ചെന്നിത്തലയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹരിപ്പാട് പോയി തകര്‍ത്ത് പ്രസംഗിച്ചിട്ടുള്ളവനാണ് ഞാന്‍. അന്നയാള്‍ക്ക് 25 വയസ്സ് പ്രായം. ഇന്നുവരെ ഇവരാരും എനിക്കുവേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. എക്‌സ് സര്‍വ്വീസ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നു ഞാന്‍ 15 വര്‍ഷം. പട്ടാള പെന്‍ഷന് മിനിമം 15 വര്‍ഷം വേണമെന്നാണ് അന്നത്തെ ചട്ടം. എത്രയോ ചട്ടങ്ങള്‍ നമ്മള്‍ മാറ്റി. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഇരട്ടി ശമ്പളം കൂട്ടി. അവരുടെ ശിങ്കിടിയായ സ്റ്റാഫിന് ഒരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവനായാലും ഒരു കൊല്ലം കഴിഞ്ഞാല്‍ പെന്‍ഷന്‍. നിയമങ്ങള്‍ അവരവര്‍ക്കുവേണ്ടി അവര്‍ തന്നെ മാറ്റിയെടുത്തു. ഇതിനപ്പുറം നമ്മുടെ ജനാധിപത്യം വളര്‍ന്നിട്ടില്ല. ഞങ്ങളെപ്പോലുള്ളവരുടെ പെന്‍ഷന്‍ കാര്യങ്ങള്‍ക്കുവേണ്ടി ഇവരുടെയൊക്കെ ഓഫീസില്‍ കേറിയിറങ്ങിയിട്ടും ''നോക്കാം'', ''ശരിയാക്കാം'' എന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍പ്പോലും ''നോക്കാം'' എന്ന മറുപടിക്കപ്പുറം ഒന്നും നടന്നില്ല.

കുറച്ചധികം നേതാക്കന്മാരുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടുള്ള ആളാണ് ഞാന്‍. സുധീരന്‍, വയലാര്‍ രവി, കെ. കരുണാകരന്‍, എ.കെ. ആന്റണി, തെന്നല ബാലകൃഷ്ണന്‍ അങ്ങനെ അനവധി പേര്‍. എന്നാല്‍, ഇവരാരും ആര്‍ക്കുവേണ്ടിയും ശുപാര്‍ശ നടത്താത്തവരല്ല. അവരുടെ മക്കളേയും സില്‍ബന്ധികളേയുമൊക്കെ ഓരോയിടത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭരണകാലങ്ങളില്‍ സ്ഥാനമാനങ്ങള്‍ പലര്‍ക്കും കൊടുത്തു. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും. അതാണ് എനിക്ക് പരാതിയുള്ളത്. വേദനയുള്ളത്. രാഷ്ട്രീയത്തിലെ എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും വേദനയോടുകൂടി മാത്രമേ എനിക്കു പറയാന്‍ സാധിക്കുകയുള്ളൂ.

ഇന്ന് ഇവിടെ ഇപ്പോള്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് അവരെയാണ്. പക്ഷേ, അവര്‍ എന്നോട് കാണിക്കുന്ന സ്‌നേഹവും അംഗീകാരവും ബഹുമാനവും വളരെ വലുതാണ്. കോണ്‍ഗ്രസ്സിനു തെരഞ്ഞെടുപ്പിന്റെ സമയത്തുള്ള ഒരു പ്രശ്‌നം മാത്രമാണുള്ളത്. അപ്പോഴാണ് അവര്‍ എന്നെപ്പോലുള്ളവരെയൊക്കെ തിരക്കുന്നത്. ഇവിടെ എന്തെങ്കിലും സംഭവം നടന്നാല്‍പ്പോലും അവര്‍ തിരിഞ്ഞുനോക്കില്ല. ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ്. - ജികെ പിള്ള പറയുന്നു

ജികെ പിള്ളയുമായുള്ള അഭിമുഖം പുതിയ ലക്കം മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com