പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ : പി ജയരാജന്‍

ആരാണ് കേസ് വഴിതെറ്റിക്കുന്ന നിര്‍ദേശം കുട്ടിക്ക് കൊടുത്തത് എന്നത് അന്വേഷിക്കേണ്ടതാണെന്ന് പി ജയരാജന്‍
പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ : പി ജയരാജന്‍

കണ്ണൂര്‍ : പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ എന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. പാലത്തായിയിലെ 11 വയസ്സുകാരിയായ ബാലികയെ ആര്‍എസ്എസ് നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം ജനുവരിയിലാണ് നടക്കുന്നത്. എന്നാല്‍ മാര്‍ച്ച് മാസം 17 നാണ്  പാനൂര്‍ പൊലീസിന് പരാതി ലഭിക്കുന്നത്. അന്നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ രേഖപ്പെടുത്തി. കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ആ മൊഴിയില്‍ പീഡിപ്പിക്കപ്പെട്ട ദിവസം സംബന്ധിച്ച് പറഞ്ഞിരുന്നില്ല. പൊലീസില്‍ നല്‍കിയ പരാതിയിലും തീയതി പറഞ്ഞിട്ടില്ല. അതേസമയം പീഡിപ്പിച്ച കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. പീഡനത്തില്‍ കുട്ടിക്ക് ആന്തരികമായ പരിക്കുകള്‍ ഉണ്ട് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. 

എന്നാല്‍ മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ തീയതി എങ്ങനെ കടന്നുകൂടി എന്നതാണ് ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ആരാണ് കേസ് വഴിതെറ്റിക്കുന്ന നിര്‍ദേശം കുട്ടിക്ക് കൊടുത്തത് എന്നത് അന്വേഷിക്കേണ്ടതാണെന്ന് പി ജയരാജന്‍ പറഞ്ഞു. 

ഈ വിഷയം സംബന്ധിച്ച് എസ്‌കെഎസ്എസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതില്‍ ഇതിനിടയില്‍ കടന്നുകയറി പ്രവര്‍ത്തിച്ച ഒരു സംഘടനയെക്കുറിച്ച് പറയുന്നുണ്ട്. അത് എസ്ഡിപിഐയാണ്.

എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആ വീഡിയോയയില്‍ ഈ കുട്ടിയുടെ കുടുംബം തങ്ങളെ ബന്ധപ്പെട്ടു. തങ്ങളാണ് പരാതി കൊടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത്. വേണ്ട എല്ലാ ഉപദേശങ്ങളും നല്‍കിയത് തങ്ങളാണ്. മട്ടന്നൂര്‍ കോടതിയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴും വേണ്ട സഹായം ഏര്‍പ്പാടാക്കിയിരുന്നു എന്നു പറയുന്നുണ്ട്. ഈ കേസിനെ പ്രയാസത്തിലേക്ക് നയിച്ചതില്‍ ആര്‍ക്കാണ് പങ്ക് എന്ന ചോദ്യത്തിന് എസ്ഡിപിഐക്കാരാണ് മറുപടി പറയേണ്ടതെന്ന് പി ജയരാജന്‍ പറഞ്ഞു. 

ഇതുമാത്രമല്ല, പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മുസ്ലിംലീഗും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തുന്നതിനിടെ, എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പ്രതിയായ ആര്‍എസ്എസ് നേതാവുമായും മറ്റൊരു സംഘപരിവാര്‍ നേതാവുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഒരിക്കലും സംഘപരിവാറുമായി ഒരു ധാരണയും ഉണ്ടാക്കാനാവില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com