ലോക്ക്ഡൗണ്‍ അനിവാര്യമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ; എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങള്‍ക്ക് റെഡ് അലര്‍ട്ട്

പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടതായും, പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു 
ലോക്ക്ഡൗണ്‍ അനിവാര്യമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ; എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങള്‍ക്ക് റെഡ് അലര്‍ട്ട്

കൊച്ചി : എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട മേഖലകളില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. രോഗവ്യാപനം രൂക്ഷമായ ചെല്ലാനം മേഖലയില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമായി നിയന്ത്രിക്കുന്നുണ്ട്. 

എന്നാല്‍ ആലുവ, കീഴ്മാട്, ചൂര്‍ണിക്കര തുടങ്ങിയ പഞ്ചായത്തുകളിലായി ലാര്‍ജ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ലോക്ക്ഡൗണും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റുപ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് ഇവിടെ വര്‍ധിപ്പിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നാണ് തന്റെ നിലപാട്. സമൂഹവ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാക്കണം. ഇതിന് ലോക്ക്ഡൗണ്‍ അനിവാര്യമാണ്. അത് സംസ്ഥാന വ്യാപകമായി വേണോ, പ്രാദേശികമായി വേണോ എന്നകാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. എറണാകുളത്ത് എവിടെയൊക്കെ ലോക്ക്ഡൗണ്‍ വേണമോ, അവിടെയൊക്കെ അത് നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു. 

സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക്ക്ഡൗണ്‍ വേണ്ട എന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവനയെയും മന്ത്രി തള്ളിക്കളഞ്ഞു. സമൂഹവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട, പ്രാദേശിക ലോക്ക്ഡൗണ്‍ മതിയെന്നാണ് ഐഎംഎ പറയുന്നത്. സമൂഹവ്യാപനം ഉണ്ടായി എന്നാണെങ്കില്‍ പിന്നെ പ്രാദേശിക ലോക്ക്ഡൗണ്‍ കൊണ്ടും ഗുണമെന്താണെന്ന് മന്ത്രി ചോദിച്ചു. 

മറ്റൊന്ന് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നും, അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നുമാണ് ഐഎംഎ പറയുന്നത്. സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം എന്താണെന്ന് മന്ത്രി ആരാഞ്ഞു. കൊച്ചിയിലെ കരുണാലയം ക്ലസ്റ്ററാണ് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്നത്. ഇവിടെ 43 പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറെ വൃദ്ധസദനങ്ങളുള്ള ജില്ലയാണ് എറണാകുളം. ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയുമാണ് വൃദ്ധ സദനങ്ങള്‍. വൃദ്ധസദനങ്ങള്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടതായും, പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com