കാസര്‍കോട് വധുവിനും വരനും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ്

ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
കാസര്‍കോട് വധുവിനും വരനും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ്. വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായയത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. 

വിവാഹ ചടങ്ങില്‍ പങ്കെടുത്ത വധുവിന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ചടങ്ങില്‍ പങ്കെടുത്ത 51പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. 

കോവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com