ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: പുറത്തിറങ്ങിയാല്‍ നടപടി, കടകള്‍ ഉച്ചയ്ക്കു 12 വരെ, പൂര്‍ണ ഗതാഗത നിയന്ത്രണം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: പുറത്തിറങ്ങിയാല്‍ നടപടി, കടകള്‍ ഉച്ചയ്ക്കു 12 വരെ, പൂര്‍ണ ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കും.

മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ ബൂത്തുകള്‍ എന്നിവ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരു വാര്‍ഡില്‍ 2 വീതം തുറക്കാവുന്നതാണ്. ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപനതലത്തില്‍ തീരുമാനിക്കും. നിത്യോപയോഗസാധനങ്ങള്‍ ആവശ്യമുളളവര്‍ വാര്‍ഡ്തല സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഈ കടകളില്‍ നിന്ന് അവ വാങ്ങണം. ഇവയുടെയും പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും. റേഷന്‍കടകള്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കും. റേഷന്‍സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍കാര്‍ഡ് കൈയില്‍ കരുതേണ്ടതും ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്.

വ്യവസായവാണിജ്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. ആശുപത്രി, നഴ്‌സിങ്ങ് ഹോം, ലാബോറട്ടറി, ആംബുലന്‍സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റിയെ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ പൊതുവാഹനഗതാഗതം നിരോധിച്ചു. ദീര്‍ഘദൂര ബസ്സുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗതനിയന്ത്രണം പാലിച്ച് സര്‍വീസ് നടത്തണം. ക്ലസ്റ്റര്‍ മേഖലയില്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.

നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളില്‍ 10 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ട പൊലീസ്, അഗ്‌നിശമന സേന, വാട്ടര്‍ അതോറിറ്റി, റവന്യൂ, ആരോഗ്യം, ട്രഷറി, തദ്ദേശവകുപ്പുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. അവശ്യസര്‍വീസ് അല്ലാത്ത ഓഫീസുകളില്‍ അതത് ഓഫീസ് മേധാവികള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യമേര്‍പ്പെടുത്തണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

ജൂലൈ 25  വൈകീട്ട് 5 മണി മുതലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരിക. ഞായറാഴ്ചകളില്‍ ജില്ലയില്‍ പൊതുലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com