തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാ​​ദ ബന്ധം; എൻഐഎ അന്വേഷിക്കണം; ​ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാ​​ദ ബന്ധം; എൻഐഎ അന്വേഷിക്കണം; ​ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു
തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാ​​ദ ബന്ധം; എൻഐഎ അന്വേഷിക്കണം; ​ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

ആലപ്പുഴ: എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു. തുഷാറിന് ഹവാല, തീവ്രവാദ ബന്ധമുണ്ടെന്നും ഇതേപ്പറ്റി എൻഐഎയോ സിബിഐയോ അന്വേഷിക്കണമെന്നും സുഭാഷ് വാസു പറഞ്ഞു. 

മാവേലിക്കര മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഒപ്പ് രേഖപ്പെടുത്താൻ എത്തിയപ്പോഴാണു സുഭാഷ് വാസു ആരോപണം ഉന്നയിച്ചത്. ഹവാല പണം കേരളത്തിൽ നിന്നു വിദേശത്തേക്കു പോയിട്ടുണ്ടോ എന്നു കണ്ടെത്താൻ തുഷാറിന്റെയും സഹോദരിയുടെയും 20 വർഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകൾ പരിശോധിക്കണം.

ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ‌കെ മഹേശൻ സത്യസന്ധനും മാതൃകാ യൂണിയൻ സെക്രട്ടറിയുമായിരുന്നു. അദ്ദേഹം 13 കോടി രൂപ അപഹരിച്ചെന്നാണ് വെള്ളാപ്പള്ളി കുടുംബത്തിന്റെ ആരോപണം. ശ്രീകണ്ഠേശ്വരം, കണിച്ചുകുളങ്ങര സ്കൂളുകളിലെ നിയമനം, മൈക്രോ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിച്ച മുഴുവൻ തുകയും തുഷാർ വെള്ളാപ്പള്ളി വാങ്ങിക്കൊണ്ടുപോയെന്ന് മഹേശൻ എന്നോട് പറഞ്ഞിരുന്നു.

വണ്ടൻമേട്ടിൽ സ്വകാര്യ കമ്പനിയുടെ 45 ഏക്കർ ഏലത്തോട്ടം 10.8 കോടിക്ക് തുഷാർ മകന്റെ പേരിൽ വാങ്ങി. ഇതിൽ ഒൻപത് കോടി കള്ളപ്പണമാണ് നൽകിയത്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയിൽ 5.5 കോടിയുടെ നിരോധിത കറൻസി നൽകി സ്വർണം വാങ്ങി. ഈ തുകയെല്ലാം മഹേശനിൽ നിന്നു വാങ്ങിയതാണ്. ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇറാൻ സ്വദേശിനിയെ ബംഗളൂരുവിൽ മുന്തിയ കാറും വാടക വീടുമൊരുക്കി താമസിപ്പിച്ചതും അന്വേഷിക്കണം. ഏലത്തോട്ടം വാങ്ങലിലെ ഇടനിലക്കാരൻ തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീയെ തിരിച്ചയ്ക്കാൻ ശ്രമിച്ചത്.

പിന്നോക്ക വികസന കോർപറേഷനുമായി ബന്ധപ്പെട്ട 15 കോടിയുടെ തട്ടിപ്പു കേസിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. തുഷാർ ഒരു വർഷത്തിനുള്ളിൽ അമേരിക്കയിലേക്കു പോകാൻ പണം അങ്ങോട്ടു മാറ്റുകയാണ്. അതിനാൽ പാസ്പോർട്ട് കണ്ടുകെട്ടണം. ചേർത്തലയിലെ ഹോട്ടലിന്റെ ആസ്തി, എസ്എസ്എൽസി ബുക്ക് വ്യാജമാണോ എന്നീ കാര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com