ഒരു കിലോ സ്വര്‍ണത്തിന് അറ്റാഷെയ്ക്ക് ആയിരം ഡോളര്‍ ; കള്ളക്കടത്ത് കോണ്‍സുലേറ്റിന്റെ അറിവോടെ ; ശിവശങ്കറുമായി സൗഹൃദം ; സ്വപ്‌നയുടെ മൊഴി പുറത്ത്

സ്വര്‍ണക്കടത്തു വഴി കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായി
ഒരു കിലോ സ്വര്‍ണത്തിന് അറ്റാഷെയ്ക്ക് ആയിരം ഡോളര്‍ ; കള്ളക്കടത്ത് കോണ്‍സുലേറ്റിന്റെ അറിവോടെ ; ശിവശങ്കറുമായി സൗഹൃദം ; സ്വപ്‌നയുടെ മൊഴി പുറത്ത്

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെയും ജീവനക്കാരെയും കുരുക്കിലാക്കി സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തി എന്നാണ് സൂചന. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ അറ്റാഷെയ്ക്ക് ആയിരം ഡോളറാണ് പ്രതിഫലം നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് അറിയാമായിരുന്നു എന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

സ്വര്‍ണക്കടത്തു വഴി കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായി. കോവിഡ് വ്യാപനം ആരംഭിച്ചതോടെ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് പോയി. ഇതിനുശേഷമാണ് സ്വര്‍ണക്കടത്തില്‍ അറ്റാഷെയെ പങ്കാളിയാക്കിയതെന്നും സ്വപ്ന മൊഴി നല്‍കിയതായാണ് സൂചന. കോണ്‍സുലേറ്റിലെ ചില ജീവനക്കാര്‍ക്കും കടത്തില്‍ പങ്കുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വപ്‌ന ആവര്‍ത്തിച്ചു. ശിവശങ്കറുമായി സൗഹൃദം മാത്രമാണ് ഉള്ളത് എന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് കസ്റ്റംസിന്റെ നിരന്തര ചോദ്യങ്ങളില്‍ പലതിനും സ്വപ്‌ന വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല. 

അതേസേമയം കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പ്രതിഫലം നല്‍കിയിരുന്നതായി സരിത്തും സന്ദീപും റമീസും കസ്റ്റംസിനും മൊഴി നല്‍കിയിട്ടുണ്ട്. ഓരോ തവണ പാഴ്‌സല്‍ വരുമ്പോഴും പാഴ്‌സലിന്റെ കനം പരിഗണിച്ച് പ്രതിഫലം നല്‍കുകയാണ് ചെയ്തിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com