അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗമാക്കി; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കാലിക്കറ്റ് സര്‍വകലാശാല ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ 'കം സെപ്തംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയതിന് എതിരെ ബിജെപി
അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗമാക്കി; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ 'കം സെപ്തംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയതിന് എതിരെ ബിജെപി. ഇതിന് പിന്നിലെ ലക്ഷ്യം ക്യാമ്പസുകളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. കശ്മീരില്‍ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടന്‍ പിന്‍വലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും ഇന്ത്യന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്നും  സുരേന്ദ്രന്‍ ചോദിച്ചു.

ആഗോള ഭീകര സംഘടനയായ അല്‍ഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍ക്കൊള്ളിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാഠഭാഗത്തിന്റെ തുടക്കത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റര്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിന്റെ പേരില്‍ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന പിണറായി സര്‍ക്കാര്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണം. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com