കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നാടാണിത്; ഇതിന്റെ പ്രത്യാഘാതം ഉമ്മന്‍ചാണ്ടി ചിന്തിച്ചിട്ടുണ്ടോ?; കോടിയേരി

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്
കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നാടാണിത്; ഇതിന്റെ പ്രത്യാഘാതം ഉമ്മന്‍ചാണ്ടി ചിന്തിച്ചിട്ടുണ്ടോ?; കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക്‌ വെള്ളപൂശാനാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രാവിലെ വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന കാര്യങ്ങള്‍ അതേപടി ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണെന്ന ആക്ഷേപമാണ് താന്‍ ഉന്നയിച്ചത്. കേരളത്തില്‍ ബിജെപിക്ക് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറി എന്ന പറഞ്ഞതിന് ഉമ്മന്‍ചാണ്ടി പ്രചരിപ്പിക്കുന്നത് ചെന്നിത്തലയുടെ മതനിരപേക്ഷതയ്ക്ക് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് പറയുന്നതെന്ന് കോടിയേരി പറഞ്ഞു. 

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ ഇത്തരം യോജിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ന് ബിജെപിയുടെ എംപിമാരായി പാര്‍ലമെന്റലിരിക്കുന്നത് മുന്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍  രണ്ടുകൂട്ടരും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം എന്തായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പരിശോധിച്ചിട്ടുണ്ടോ?. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. രാജസ്ഥാനില്‍ രാജേഷ് പൈലറ്റ് ഇപ്പോള്‍ കോണ്‍ഗ്രസിലാണോ, ബിജെപിയിലാണോ എന്ന് പറയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? കോടിയേരി ചോദിച്ചു. 

കേരളത്തില്‍ ഇത്തരത്തില്‍ അവിശുദ്ധ കൂട്ട് കെട്ട് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്നത്തെ യുഡിഎഫിന് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കരുത്തില്ല. അത് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ല്‍ കണ്ടതാണ്. മൂന്ന് സിറ്റിങ് സീറ്റുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ യുഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വിശാലമായ കൂട്ട്‌കെട്ട് ഉണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ബിജെപിയുമായി 91 മോഡല്‍ ആവര്‍ത്തിക്കാനുള്ള തിരുമാനം.

സര്‍ക്കാരിനെതിരെ വസ്തുതാ വിരുദ്ധമായി എന്ത് ആരോപണവും ഉന്നയിക്കാം. അതില്‍ ഒട്ടും പരിഭ്രമമില്ല. സ്വര്‍ണക്കള്ളക്കടത്തുമായി എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ്അത് എന്‍ഐഎയുക്കും കസ്റ്റംസിന് കൊടുക്കാത്തത്?. ഇത്തരം അരോപണം ഉന്നയിച്ച് പ്രതിപക്ഷവും ബിജെപിയും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com