കോവിഡ് രോഗിയുടെ  മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ?; വിശദീകരിച്ച് മുഖ്യമന്ത്രി

യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണ്
കോവിഡ് രോഗിയുടെ  മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ?; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാരണം മരിച്ച ആളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോയെന്ന ജനങ്ങളുടെ ആശങ്കയ്ക്ക്് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി. കോവിഡ് വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഏതാണ്ടില്ല എന്നു തന്നെ പറയാം.

മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു.

വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനം ഉണ്ടാകാം.

ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടത്. അല്ലാതെ, ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്‌കാരം തടയാന്‍ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. അതിനു നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസില്‍ ശക്തമായ ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com