കോവിഡ് വരുന്നത് ചീത്തപ്പേരൊന്നുമല്ല ; വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായതായി കെ മുരളീധരന്‍

105 വയസ്സുള്ള ഗുരു ചേമഞ്ചേരിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതാണ് ഏറെ പ്രയാസമുണ്ടാക്കിയത്
കോവിഡ് വരുന്നത് ചീത്തപ്പേരൊന്നുമല്ല ; വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായതായി കെ മുരളീധരന്‍

കോഴിക്കോട്. വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായതായി കെ മുരളീധരന്‍ എംപി. കൂടെ വന്നവര്‍ മാസ്‌ക് ധരിക്കാതിരുന്നത് താന്‍ ശ്രദ്ധിച്ചില്ല. ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഗുരു ചേമഞ്ചേരിയെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് രോ​ഗം വ്യാപിച്ചതോടെ താന്‍ സാധാരണ വിവാഹ വീടുകളില്‍ പോകാറില്ല. വര്‍ഷങ്ങളായി പരിചയമുള്ള വ്യക്തി എന്ന നിലയിലാണ് ആ വീട്ടില്‍ പോയത്. വിവാഹത്തിന് തലേന്നാണ് താന്‍ പോയത്. പിറ്റേന്നാണ് വരനായ ഡോക്ടര്‍ക്ക് കോവിഡ് പിടിപെടുന്നത്. ഗള്‍ഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്ന ഒരാളില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടതെന്ന് താന്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായി. 

19-ാം തീയതിയാണ് തനിക്കെതിരെ ആദ്യം ആരോപണം വരുന്നത്. കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന പത്രത്തിലാണ് ആദ്യം വാര്‍ത്ത വരുന്നത്. പിറ്റേന്ന് സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന പത്രവും വാര്‍ത്ത നല്‍കി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അടക്കം തനിക്കെതിരെ വന്‍പ്രചാരണമായിരുന്നു. 105 വയസ്സുള്ള ഗുരു ചേമഞ്ചേരിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതാണ് ഏറെ പ്രയാസമുണ്ടാക്കിയത്.

ഗുരുവിന്റെ വീട്ടുകാര്‍ അനുഭവിച്ച വേദന വിവാദം ഉണ്ടാക്കിയവര്‍ മനസ്സിലാക്കണ്ടേ. രോഗത്തിന്റെ വല്ല സൂചനയും ഉണ്ടെങ്കില്‍ താന്‍ പോകുമായിരുന്നില്ല. 9-ാം തീയതിയില്‍ കല്യാണത്തിന് താന്‍ പങ്കെടുത്തിരുന്നെങ്കില്‍ ആരും പറയാതെ തന്നെ താന്‍ ക്വാറന്റീനില്‍ പോയെനെ എന്നും മുരളീധരന്‍ പറഞ്ഞു.

ചില ജനപ്രതിനിധികള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവരുടെ വിവാഹചടങ്ങില്‍ പോകുന്നതും ഫോട്ടോ എടുക്കുന്നതും നല്ല ശിലമല്ലെന്ന് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഇത് ആദ്യം പറയേണ്ടത് സിപിഎമ്മിന്റെ എംഎല്‍എയോടാണ്. അദ്ദേഹം പോയശേഷമാണ് താന്‍ പോയത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ താന്‍ തീരുമാനിച്ചിരുന്നു. 20 -ാം തീയതി ഡോക്ടറെ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 24 നാണ് കളക്ടര്‍ വിളിച്ച് വിവരം പറയുകയും, നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശിച്ചത്. 

കളക്ടര്‍ പറയുന്നതിന് മുമ്പേ തന്നെ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നതാണെന്ന് താന്‍ അറിയിക്കകയും ചെയ്തു. തനിക്കെതിരെ വന്‍ അപരാധം എന്ന തരത്തിലാണ് പ്രചാരണം നടന്നത്. കോവിഡ് വരുന്നത് വലിയ തെറ്റല്ല. എയിഡ്‌സ് പോലെയോ, ലൈംഗികാപവാദ കേസില്‍ പെടുന്നതു പോലെയോ അല്ല. ആര്‍ക്കുവേണമെങ്കിലും വരാം. ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ക്ക് വരെ കോവിഡ് പിടിപെട്ടുവെന്നും കെ മുരധീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com