എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ; കളമശ്ശേരി കണ്ടെയ്ൻമെന്റ് സോണാക്കും

എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ; കളമശ്ശേരി കണ്ടെയ്ൻമെന്റ് സോണാക്കും
എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ; കളമശ്ശേരി കണ്ടെയ്ൻമെന്റ് സോണാക്കും

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി മേഖലയിൽ രോഗ വ്യാപനം കൂടിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി കർഫ്യൂ പ്രഖ്യാപിക്കാനും കളമശ്ശേരി നഗരസഭ കണ്ടെയ്ൻമെന്റ് സോണാക്കാനും ആലോചിക്കുന്നുണ്ട്. മന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ചിലയിടത്ത് രോഗം നിയന്ത്രണത്തിലാകുമ്പോൾ ജില്ലയിലെ മറ്റിടങ്ങളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനെ ഗൗരമായാണ് കാണുന്നത്. ജില്ലയെ മൊത്തത്തിൽ ലോക്ക്ഡൗൺ ചെയ്യാൻ ആലോചിക്കുന്നില്ല. രോഗം രൂക്ഷമായ പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി കർശന നിയന്ത്രണങ്ങൾ ​​കൊണ്ടുവന്ന് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പോലീസിനും ആരോഗ്യ വകുപ്പിനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

തോപ്പുംപടി പാലത്തിനപ്പുറം ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി ​മേഖലയിൽ ഇപ്പോൾ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇവിടെ നിലവിൽ 56 പോസിറ്റീവ് കേസുകളുണ്ട്. ഇവരെയെല്ലാം എഫ്എൽടിസികളിലേക്ക് മാറ്റി. എന്നാൽ, ​പ്രൈമറി കോൺടാക്ടുകൾ വീടുകളിൽ തന്നെ കഴിയുന്ന സ്ഥിതിയാണുള്ളത്. ഇതൊഴിവാക്കാൻ ഇവരെയെല്ലാം ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.

27 വാർഡുകളുള്ള വലിയ പ്രദേശമാണ് ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി മേഖല. ഇവിടത്തെ രണ്ട്, മൂന്ന്, 20 വാർഡുകളിലാണ് രൂക്ഷമായ രോഗബാധയുള്ളത്. ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൊലീസ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ​മേഖലയിൽ ആലുവയ്ക്ക് സമാനമായ രീതിയിൽ കർഫ്യൂ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്.

കളമശ്ശേരി, ഇടപ്പള്ളി, ഏലൂർ, ചേരാനല്ലൂർ മേഖലകളിൽ നിന്ന് 50 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കളമശേരി ഇൻഡസ്ട്രിയൽ ഏരിയ ആയതിനാൽ ഇൻഡസ്ട്രികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് കണ്ടെയ്ൻമെന്റ് സോണാക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യാപന തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിൽ നിലവിൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുള്ള ഒരു മേഖലയിലും നിയന്ത്രണങ്ങൾ ഉടനേ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com