ക്വാറന്റീന്‍ ലംഘിച്ച് ബര്‍ത്ത്‌ഡേ പാര്‍ട്ടി ; ആഘോഷത്തില്‍ പങ്കെടുത്തത് നിരവധിപേര്‍ ; 'പിറന്നാളു'കാരന് കോവിഡ്; ഇരിട്ടിയില്‍ ആശങ്ക

ക്വാറന്റീന്‍ ലംഘിച്ച യുവാവിനും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത ആശങ്കയില്‍. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും എത്തിയ യുവാവാണ് ക്വാറന്റീനില്‍ ഇരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ജന്മദിനാഘോഷം സംഘടിപ്പിച്ചത്. 

നഗരസഭയിലെ കൂളിച്ചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും, ഇയാള്‍ ക്വാറന്റീന്‍ ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായും നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ കുറേപേര്‍ ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും കണ്ടെത്തി. 

ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും യുവാവ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. യുവാവ് ക്വാറന്റീന്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാരംസ് കളിച്ചതായും, ഫുട്‌ബോള്‍ കളിക്കുന്ന സ്ഥലത്ത് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ടോളം കടകള്‍ അടപ്പിച്ചു. 

യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ കൂത്തുപറമ്പില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ആളും ഉള്‍പ്പെടുന്നു. യുവാവില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടായാല്‍ അടച്ചിടല്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ക്വാറന്റീന്‍ ലംഘിച്ച യുവാവിനും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com