ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

കാടുപിടിച്ച കിണര്‍ വൃത്തിയാക്കുന്നതിനിടെ, കിണറില്‍ വീണ് കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളി മരിച്ചു
ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

തൃശൂര്‍ : കാടുപിടിച്ച കിണര്‍ വൃത്തിയാക്കുന്നതിനിടെ, കിണറില്‍ വീണ് കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളി മരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന കുരിയച്ചിറയിലെ അറവുശാലയിലെ കിണറ്റില്‍ വീണാണ് പുത്തന്‍വീട്ടില്‍ മജീദ് (56) മരിച്ചത്. രക്ഷിക്കാനായി കിണറ്റില്‍ ചാടിയ കോര്‍പ്പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 7.45ഓടെ കിണറിന് മുകളിലേക്ക് വളര്‍ന്നുനിന്ന ചെടികളും മറ്റും വെട്ടിക്കൊണ്ടിരിക്കെയായിരുന്നു അപകടം. കിണറിന് മുകളിലുള്ള ഗ്രില്ലിന്റെ തുറന്നുകിടന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്കാണ് മജീദ് വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍ അപകടം കണ്ട ഉടനേ കിണറ്റിലേക്ക് എടുത്തുചാടി. മോട്ടോര്‍ കെട്ടിയ കയറെടുത്ത് മജീദിന് എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേയ്ക്കും മജീദ് വെള്ളത്തിലേയ്ക്ക് താഴ്ന്നുപോയി.

കിണറ്റില്‍ കുടുങ്ങിയ നിസാറിന് തിരിച്ചുകയറാന്‍ കഴിയാതെവന്നു. അറവുശാലയിലെ മറ്റു തൊഴിലാളികള്‍ കിണറ്റിലേയ്ക്ക് കയറിട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാസേനയെത്തി മജീദിന്റെ മൃതദേഹം പുറത്തെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com