തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്

300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്
തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:  തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്. എല്ലാവരും കിന്‍ഫ്രാപാര്‍ക്കിലെ ജീവനക്കരാണ്.

88പേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകും. 

സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാ ഗാര്‍ഡിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ അയാള്‍ ജോലിക്കെത്തുകയും ചെയ്തിരുന്നു. നേരത്തെ പൂവാര്‍ പവര്‍ സ്റ്റേഷനിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഇളവുകള്‍ ഉണ്ടാവും. ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ജില്ലയിലെന്ന് കരുതുന്നില്ല. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ തിരുവനന്തപുരത്തിന്റെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com