മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ 

വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്
മത്തായി
മത്തായി


പത്തനംതിട്ട : പത്തനംതിട്ട കുടപ്പനയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ചയാളുടെ ഭാര്യ. മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു. കേസ് ഒതുക്കിതീര്‍ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 75,000 രൂപ ചോദിച്ചു. എന്താണ് കേസെന്ന് അറിയില്ലെന്നും ഷീബ പറഞ്ഞു. 

ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാര്‍ കുടപ്പന പടിഞ്ഞാറേ  ചരുവില്‍ ടി ടി മത്തായി (41)യുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. മത്തായിയുടെ കുടുംബ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണതാണെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. 

വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മത്തായിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പുമായി ബന്ധപ്പെട്ട്  7 അംഗം വനപാലക സംഘം വീട്ടില്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് വനപാലകര്‍ പറയുന്നത്.

സംഭവം നടന്ന് ഏറെ സമയത്തിനു ശേഷമാണ് കിണറ്റില്‍ വീണ കാര്യം വനപാലകര്‍ സമീപവാസികളോടു പറഞ്ഞത്. നാട്ടുകാര്‍ എത്തിയപ്പോള്‍ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വനപാലകരുടെ വാഹനം തടഞ്ഞുവച്ചു. സന്ധ്യയായപ്പോള്‍ വനപാലകര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സീതത്തോട്ടില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു.

സംഭവം അറിഞ്ഞ് കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘവും സ്ഥലത്ത് എത്തി. കേസെടുക്കാമെന്നും അന്വേഷണം നടത്തുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം അയഞ്ഞത്.  ആള്‍മറയുള്ള കിണറ്റില്‍ യുവാവ്  തനിയെ വീഴില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com