തീരദേശത്ത് ആറാം തീയതി വരെ ലോക്ക്ഡൗണ്‍ ; തിരുവനന്തപുരത്ത് കൂടുതല്‍ ഇളവുകള്‍, പൊതുഗതാഗതത്തിന് അനുമതി, നിയന്ത്രണം തുടരും

ബാറുകള്‍, ജിംനേഷ്യം, സിനിമ തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല
തീരദേശത്ത് ആറാം തീയതി വരെ ലോക്ക്ഡൗണ്‍ ; തിരുവനന്തപുരത്ത് കൂടുതല്‍ ഇളവുകള്‍, പൊതുഗതാഗതത്തിന് അനുമതി, നിയന്ത്രണം തുടരും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് ആറാം തീയതി വരെ ലോക്ക്ഡൗണ്‍ തുടരും. അതേസമയം തലസ്ഥാന നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തി.  കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത ഇടങ്ങളില്‍ പൊതുഗതാഗതമാകാം. 50 ശതമാനം യാത്രക്കാരെ മാത്രം അനുവദിക്കും. ഓട്ടോ റിക്ഷ, ടാക്‌സി സര്‍വീസുകളും നടത്താനാകും. ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനുള്ള മാര്‍ഗരേഖ കളക്ടര്‍ പുറത്തിറക്കി. 

നഗരസഭ പരിധിയില്‍ പൊതുപരീക്ഷകള്‍ നടക്കില്ല. ബാറുകള്‍, ജിംനേഷ്യം, സിനിമ തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം നല്‍കാന്‍ മാത്രം തുറക്കാൻ അനുവദിക്കും. കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത മേഖലകളില്‍ ഹോം ഡെലിവറിയാകാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഈ രണ്ടുമേഖലയിലെയും മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാം. 

കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. വൈകിട്ട് നാല് മുതല്‍ ആറുവരെ മുതിര്‍ന്ന പൗരന്മാര്‍ക്കായിരിക്കും പ്രവേശനം. കടുത്ത നിയന്ത്രണത്തോടെ മാർക്കറ്റുകൾ പ്രവർത്തിക്കും.സ്വകാര്യ സ്ഥാപനങ്ങൾക്ക്  25% ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ പ്രവർത്തിക്കരുത്. 

തിരുവനന്തപുരം കോര്‍പറേഷനിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരും. എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com