പൊലീസുകാരന് കോവിഡ്; സ്വപ്‌ന കേസ് അന്വേഷണ സംഘം ക്വാറന്റൈനില്‍

കേസില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് എന്‍ഐഎ കോടതിയുടെ അനുമതി ലഭിച്ചു
പൊലീസുകാരന് കോവിഡ്; സ്വപ്‌ന കേസ് അന്വേഷണ സംഘം ക്വാറന്റൈനില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കോവിഡ്. ഇതോടെ  കന്റോണ്‍മെന്റ് സിഐ ഉള്‍പ്പടെ, അന്വേഷണസംഘത്തിലെ
മൂന്ന് പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കേസില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് എന്‍ഐഎ കോടതിയുടെ അനുമതി ലഭിച്ചു.

വ്യാജ ബിരുദക്കേസിലും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിലും സ്വപ്നയെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഐടി വകുപ്പിന് കീഴില്‍ സ്‌പെയ്‌സ് പാര്‍ക്കിന്റെ ഓപ്പറേഷന്‍ മാനേജറായി ജോലി നേടാന്‍ സ്വപ്ന സുരേഷ് നല്‍കിയ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്രിയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ നിന്നും ബികോമില്‍ ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ സര്‍വ്വകലാശാല ബികോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷെന്ന വിദ്യാര്‍ത്ഥിനി സ്ഥാപനത്തില്‍ പഠിച്ചിട്ടില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് രേഖാമൂലം മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി തേടി പൊലീസ് കൊച്ചി എഐഎ കോടതിയെ സമീപിച്ചത്. 

കസ്റ്റംസിന്റെ കസ്റ്റഡി കാലവാധി അവസാനിച്ച ശേഷം ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും. ശേഷം കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com