മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ?; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം ; നിര്‍ണായക മൊഴി

അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്
മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ?; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം ; നിര്‍ണായക മൊഴി

കൊച്ചി :   മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി അന്വേഷണസംഘത്തിന് സംശയമുള്ളതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇതിന്റെ സൂചന നല്‍കിയത്. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്. 

സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവരാണ് തന്ത്രം മെനഞ്ഞത്. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞു. 

അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താല്‍പര്യങ്ങളും പ്രതികള്‍ മുതലെടുത്തതായി ചില സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്. ഫ്‌ലാറ്റിലേക്ക് താമസം മാറാനിടയായ കാര്യവും ശിവശങ്കര്‍ അന്വേഷണസംഘത്തോട് തുറന്നുപറഞ്ഞു. 

പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ശിവശങ്കറിന്റെ ഇത്തരമൊരു തുറന്നു പറച്ചില്‍ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു തവണ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com