കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ആറുമാസം, അടുത്ത മൂന്നാഴ്ച നിർണായകം ; സെപ്തംബറിൽ 75,000 രോ​ഗികൾ വരെയാകാമെന്ന് വിലയിരുത്തൽ

ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാ​ഗ്രതാനിർദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം
കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ആറുമാസം, അടുത്ത മൂന്നാഴ്ച നിർണായകം ; സെപ്തംബറിൽ 75,000 രോ​ഗികൾ വരെയാകാമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ആറുമാസം തികയുന്നു. കോവിഡ് രോ​ഗപ്പകർച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളം ഇപ്പോൾ.  മുൻഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്പർക്ക വ്യാപനം വഴിയുള്ള രോ​ഗപ്പകർച്ച വർധിച്ചതോടെ കൂടുതൽ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. അതിനാൽ ജന​ങ്ങൾ  കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം അന്തർദേശീയ തലത്തിൽ വരെ പ്രശംസയ്ക്ക് പാത്രമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. സെപ്തംബറില്‍ എഴുപത്തയ്യായിരം  രോഗികള്‍ വരെയാകാമെന്ന കണക്ക് കൂട്ടലിലാണ് ആരോ​ഗ്യപ്രവർത്തകർ. അതുകൊണ്ടുതന്നെ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 

ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാ​ഗ്രതാനിർദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കൊറോണ ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. 

പിന്നീട് കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ഈ പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു. മാർച്ചിലാണ് കോവിഡ് വീണ്ടും സംസ്ഥാനത്തെത്തുന്നത്. വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് കേസുകളുടെ എണ്ണം കൂടി. മാർച്ച് 28 നായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള ആദ്യ മരണം. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപനം തടയാൻ ആരോ​ഗ്യവകുപ്പിന് സാധിച്ചു. 
മെയ് എട്ടിന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോൾ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 502 മാത്രമായിരുന്നു. 474 പേരും അതിനകം രോ​ഗമുക്തരാകുകയും ചെയ്തിരുന്നു. ലോക്ക്ഡൗണിന് ശേഷം സംസ്ഥാന അതിർത്തികൾ തുറന്നതോടെ വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി. മെയ് 27 ന് ആകെ രോ​ഗികളുടെ എണ്ണം 1000 കവിഞ്ഞു. 

ജൂൺ എട്ടിന് 2000 വും, ജൂലൈ നാലിന് 5000 വും കടന്നു. 16 ന് 10,000 കടന്ന കേരളം 28 ന് 20,000 വും കടന്നു. ഇതിനിടെ തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപനം നടന്നതായി സമ്മതിക്കുന്ന ആദ്യ സംസ്ഥാനമായും കേരളം മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com