വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ ആറു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

അതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. കാട്ടിനുള്ളില്‍  മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്.  തോട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകി  ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ  ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതില്‍ എട്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. 

കോട്ടയത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് റെയില്‍പാതയില്‍ ഇന്ന് അറ്റകുറ്റപ്പണി നടത്തും. വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. മഴയെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് അന്ധകാരനഴി പൊഴി മുറിക്കാന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തിലാണ് ജോലികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com