സര്‍വീസ് നിര്‍ത്താന്‍ 9000 ബസ്സുകള്‍ അപേക്ഷ നല്‍കി,  സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ നിരത്തൊഴിയുന്നു; സര്‍വീസ് നിര്‍ത്തില്ലെന്ന് കെബിടിഎ

സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും മന്ത്രി
സര്‍വീസ് നിര്‍ത്താന്‍ 9000 ബസ്സുകള്‍ അപേക്ഷ നല്‍കി,  സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ നിരത്തൊഴിയുന്നു; സര്‍വീസ് നിര്‍ത്തില്ലെന്ന് കെബിടിഎ

തിരുവനന്തപുരം :  കോവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറുമെന്നാണ് സൂചന. 

കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്നും അതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്നും ബസ്സുടമകള്‍ പറയുന്നു. 

അതേസമയം നാളെ മുതല്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെബിടിഎ ഭാരവാഹികളായ ജോണ്‍സണ്‍ പടമാടന്‍, ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, നികുതി ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചരക്കുവാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ സെപ്തംബര്‍ വരെ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com