തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ആറ് കന്യാസ്ത്രീകള്‍ അടക്കം 35 പേര്‍ക്ക് കോവിഡ്

കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനത്തിലാണ് ഇത്രയുമധികം വൈറസ് ബാധിതരെ കണ്ടെത്തിയത്
തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ആറ് കന്യാസ്ത്രീകള്‍ അടക്കം 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് മൂലം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വൃദ്ധസദനത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനത്തിലാണ് ഇത്രയുമധികം വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതില്‍ 27 പേര്‍ പ്രായമായ അന്തേവാസികളാണ്. അന്തേവാസികളെ പരിചരിക്കുന്ന ആറ് കന്യാസ്ത്രീകളും ജീവനക്കാരായ രണ്ടുപേരുമാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റുളളവര്‍. 

ആന്റിജന്‍ പരിശോധനയിലാണ് അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികള്‍ ഏറെയുളള കോവളം നിയോജക മണ്ഡലത്തില്‍ ഇന്ന് 150ലധികം പരിശോധനകളാണ് നടത്തിയത്. ഇതില്‍ ശാന്തിഭവന്‍ ഉള്‍പ്പെടെ 45ലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പൂന്തുറ, പുല്ലുവിള ഉള്‍പ്പെടെയുളള പ്രദേശങ്ങളിലാണ് ഏറ്റവുമധികം സമ്പര്‍ക്കരോഗികള്‍ ഉളളത്. 

അതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചവരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥീരീകരിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. പൊലീസ് ആസ്ഥാനത്ത് റിസ്പഷന്‍ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുംസിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയി. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച് സ്‌റ്റേഷന്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com