നാളെ മുതല്‍ 206 ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, എല്ലാ സീറ്റിലും ഇരിക്കാം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍ത്തില്ല: ഗതാഗതമന്ത്രി 

നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
നാളെ മുതല്‍ 206 ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, എല്ലാ സീറ്റിലും ഇരിക്കാം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍ത്തില്ല: ഗതാഗതമന്ത്രി 

തിരുവനന്തപുരം: നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ആദ്യഘട്ടമായി 206 സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ രണ്ടുമാസം കൂടി സാവകാശം അനുവദിക്കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ജനങ്ങള്‍ പൊതുഗതാഗതത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊതുഗതാഗതത്തെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘദൂര ബസുകള്‍ പുനരാരംഭിക്കുന്നത്. പൊതുഗതാഗതത്തിന്റെ നിലനില്‍പ്പ് മനസ്സിലാക്കി സ്വകാര്യ ബസുകളും സഹകരിക്കാന്‍ തയ്യാറാവണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പരിമിതികളില്‍ നിന്ന് കൊണ്ട് നികുതി അടയ്ക്കാന്‍ രണ്ടു മാസം കൂടി സാവകാശം നല്‍കാന്‍ മാത്രമേ നിവൃത്തിയുളളൂ. പൊതുഗതാഗതം നിലനിര്‍ത്തേണ്ടത് അവരുടെ കൂടി ആവശ്യമായി കണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നടത്തി സഹകരിക്കാന്‍ തയ്യാറാവണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

നിലവില്‍ പൊതുഗതാഗതരംഗത്ത് അഞ്ചുലക്ഷം യാത്രക്കാരാണ് കുറഞ്ഞത്. നല്ലൊരു ശതമാനം ആളുകള്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി തുടങ്ങി. കഴിഞ്ഞ ഏതാനും ്മാസങ്ങള്‍ക്കിടെ ഒന്നേകാല്‍ ലക്ഷത്തോളം സ്‌കൂട്ടറുകളാണ് വിറ്റു പോയത്. ഉപജീവന മാര്‍ഗം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുഗതാഗതം സംവിധാനത്തെ ആശ്രയിച്ചിരുന്നവരാണ് കൊഴിഞ്ഞുപോകുന്നത്. ഇത് പൊതുഗതാഗതത്തിന്റെ നിലനില്‍പ്പിന് തന്നെ പ്രതിസന്ധി സൃഷ്ടിക്കും. ഇത് മനസ്സിലാക്കി സഹകരിക്കാന്‍ സ്വകാര്യ ബസുകള്‍ തയ്യാറാവണം.

യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സംവിധാനമുണ്ട്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുളള ചില സാഹചര്യങ്ങള്‍ പരിഗണിച്ച് കുറഞ്ഞ തോതില്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച നോക്കിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കും.

നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. അതിനാല്‍ പൂര്‍ണതോതില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് പ്രായോഗികമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരെയും കയറ്റുകയും ഇറക്കുകയും ചെയ്യില്ല. കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന്‌ സര്‍വീസും നടത്തില്ല. യാത്രക്കാര്‍ക്ക് എല്ലാ സീറ്റിലും ഇരിക്കാം. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com