അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തി ; ഉത്ര കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ

ഉത്രയ്ക്ക് പാമ്പുകടിയേറ്റതിന് ശേഷം സൂരജ് ആകെ പരിഭ്രാന്തനായിരുന്നുവെന്ന് ഉത്രയുടെ സഹോദരനും നേരത്തേ മൊഴി നൽകി
അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തി ; ഉത്ര കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ

കൊല്ലം : കൊല്ലം അ‍ഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിനെതിരെ നിർണായക വെളിപ്പെടുത്തൽ. ഉത്രയെ അപായപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന പാമ്പുമായി പ്രതി സൂരജ് വീട്ടിലെത്തിയിരുന്നുവെന്ന് സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ വെളിപ്പെടുത്തി. ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടുമാണ് ഇവർ വെളിപ്പെടുത്തിയതെന്നാണ് മൊഴി. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്.

അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടുവെന്നും അവർ വെളിപ്പെടുത്തി. ഉത്രയ്ക്ക് പാമ്പുകടിയേറ്റതിന് ശേഷം സൂരജ് ആകെ പരിഭ്രാന്തനായിരുന്നുവെന്ന് ഉത്രയുടെ സഹോദരനും നേരത്തേ മൊഴി നൽകിയിരുന്നു. എസ്പി ഹരിശങ്കറാണ് സൂരജിന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്. അടുത്ത ചില ബന്ധുക്കൾക്ക് സൂരജിന്റെ കൃത്യം നേരത്തേ അറിയാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ അന്നുരാവിലെ സൂരജ് ലോക്കറിൽ നിന്നും സ്വർണം എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായി ബാക്കി ഉപയോഗിച്ചെന്ന് കരുതുന്നു. ചോദ്യം ചെയ്യലിൽ സൂരജ് വിവരങ്ങൾ വിട്ടുപറയുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. വിദ​ഗ്ധ നിയമോപദേശം പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം.

അതിനിടെ ഉത്രയെ സൂരജിന്റെ പിതാവ് സുരേന്ദ്രൻ അസഭ്യം പറ‍ഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അയൽവാസികളുടേത് അടക്കം വിശദമായ മൊഴിയെടുപ്പും തെളിവെടുപ്പുമാണ് അന്വേഷണസംഘം നടത്തുന്നത്. അന്വേഷണത്തോട് സുരേന്ദ്രനും കുടുംബവും പൂർണമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. സൂരജിന് പാമ്പിനെ കൈമാറിയ സൂരേഷിനെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com