കോവിഡ് നിയന്ത്രണത്തിന് മുന്‍ഗണന ; ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

പി കെ മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഒരാല്‍ ചീഫ് സെക്രട്ടറിയാകുന്നത് ഇതാദ്യമായാണ്
കോവിഡ് നിയന്ത്രണത്തിന് മുന്‍ഗണന ; ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വിശ്വാസ് മേത്ത ചുമതലയേറ്റു.  സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. മുതിര്‍ന്ന സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.

1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അടുത്ത  ഫെബ്രുവരിവരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.  ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്.

പി കെ മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഒരാല്‍ ചീഫ് സെക്രട്ടറിയാകുന്നത് ഇതാദ്യമായാണ്. ഹരിയാന സ്വദേശിയായ മൊഹന്തി 2016 ല്‍ രണ്ടുമാസം ചീഫ് സെക്രട്ടറിയായിരുന്നു.

കോവിഡ് നിയന്ത്രണത്തിനാണ് മുന്‍ഗണനയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു. ടോംജോസ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടേയും പദ്ധതികളിടേയും തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണ്‍ ഇളവുകളില്‍ അടക്കം നിര്‍ണ്ണായക തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതലയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com