ഗുരുവായൂരില്‍ കല്യാണത്തിന് അനുമതി; ചടങ്ങിന് 50 പേര്‍

കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ക്ക് മാത്രമാവും അനുമതി.
ഗുരുവായൂരില്‍ കല്യാണത്തിന് അനുമതി; ചടങ്ങിന് 50 പേര്‍

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ എന്ന പരിധിവച്ച് വിവാഹത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ക്ക് മാത്രമാവും അനുമതി. വിദ്യാലയങ്ങല്‍ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ ആയിരിക്കും. ഇക്കാര്യവും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എട്ടാം തിയ്യതിക്ക് ശേഷം വേണ്ട ഇളവുകള്‍ കേന്ദ്രത്തെ അറിയിക്കും. കണ്ടോണ്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ തകരും. പ്രായം ചെന്നവര്‍ വീടുകളില്‍നിന്ന് പുറത്തുവന്നാല്‍ അപകടസാധ്യതയാണ്. ആള്‍ക്കൂട്ടം ചേരല്‍ അനുവദിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപകടകരമാകും.

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു, ഗള്‍ഫില്‍നിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേര്‍ക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ചികിത്സയില്‍. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വിവിധ ജില്ലകളില്‍ കോവിഡ് ബാധിച്ചവര്‍

തിരുവനന്തപുരം 3
കൊല്ലം 5
പത്തനംതിട്ട 4
ആലപ്പുഴ 2
ഇടുക്കി 1
എറണാകുളം 3
തൃശൂര്‍ 9
മലപ്പുറം 14
പാലക്കാട് 2
കാസര്‍കോട് 14

വിദേശരാജ്യങ്ങളില്‍ ഇന്നു മാത്രം 9 മലയാളികള്‍ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.121 ഹോട്‌സ്‌പോട്ടുകള്‍ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് 5 പുതിയ ഹോട്‌സ്‌പോട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com