ജില്ലാന്തര ബസ് സര്‍വീസ്, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍...; കേരളം പരിഗണിക്കുന്ന ഇളവുകള്‍ ഇവയെല്ലാം, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് നിരക്കും ഉയര്‍ത്തിയേക്കും

കെഎസ്ആര്‍ടിസി ബസുകളുടെ ജില്ലാന്തര സര്‍വീസ് അനുവദിച്ചേക്കുമെന്നാണ് സൂചന
ജില്ലാന്തര ബസ് സര്‍വീസ്, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍...; കേരളം പരിഗണിക്കുന്ന ഇളവുകള്‍ ഇവയെല്ലാം, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് നിരക്കും ഉയര്‍ത്തിയേക്കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജില്ലാന്തര ബസ് യാത്രാസര്‍വീസുകള്‍ തുടങ്ങുന്നത് അടക്കം സര്‍ക്കാരിന്റെ പരിഗണനയില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന യോഗം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.

കെഎസ്ആര്‍ടിസി ബസുകളുടെ ജില്ലാന്തര സര്‍വീസ് അനുവദിച്ചേക്കുമെന്നാണ് സൂചന. ജനശതാബ്ദി ട്രെയിന്‍ ഇന്നുമുതല്‍ സര്‍വീസ് തുടങ്ങുന്ന സാഹചര്യത്തിലാണ് ബസ് സര്‍വീസിലെ നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ ആലോചിക്കുന്നത്.

ഹോട്ടലുകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തു ഭക്ഷണം വിളമ്പണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വന്നേക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴുള്ള നിയന്ത്രണം തുടരാനാണ് സാധ്യത.

ജില്ലാന്തര ബസ് സര്‍വീസ് ആരംഭിക്കണമെങ്കില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്‌സ്, വോള്‍വോ, സ്‌കാനിയ, ജെന്റം തുടങ്ങിയ സര്‍വീസുകളില്‍ ഇരട്ടിയായും വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.  കെഎസ്ആര്‍ടിസിയുടെ കരടു നിര്‍ദേശം ഗതാഗത വകുപ്പ് ഇന്നു ചര്‍ച്ച ചെയ്യും.

മന്ത്രിയും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത കമ്മിഷണര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയവരും പങ്കെടുക്കുന്ന ഉന്നതതല യോഗം രാവിലെ ചേര്‍ന്നു ശുപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കി സര്‍ക്കാരിനു സമര്‍പ്പിക്കും. ജില്ലയ്ക്കകത്തുള്ള ബസ് സര്‍വീസുകളില്‍ സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കയറ്റുന്നതിനാല്‍ 50% നിരക്ക് വര്‍ധിപ്പിച്ചു ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com