സംരംഭങ്ങള്‍ തുടരാം, കുറഞ്ഞ പലിശയില്‍ വായ്പ; 650 കോടി രൂപയുടെ വായ്പ പദ്ധതികളുമായി സര്‍ക്കാര്‍ 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സുഭിക്ഷ കേരളം' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്‍ത്തല്‍, പശു/ആടുവളര്‍ത്തല്‍, പോള്‍ട്രിഫാം, എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും. മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയില്‍ നിന്നും 3 കോടി രൂപയായി വര്‍ദ്ധിപ്പിക്കും. 3 മുതല്‍ 4 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകള്‍ക്ക് ഈ വായ്പ അനുവദിക്കുന്നത്.

തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റീട്ടേണ്‍. 6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍ രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയുമാണെങ്കില്‍ വായ്പാ കാലാവധിയായ 5 വര്‍ഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com