ഐസിയുവിൽ വെച്ച് ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവൻ സൂരജ്‌ ഊരിയെടുത്തു ; അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും ; അറസ്റ്റിന് സാധ്യത

ഫോറൻസിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീൽചെയ്തു. കിടക്കവിരി ഉൾപ്പെടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന
ഐസിയുവിൽ വെച്ച് ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവൻ സൂരജ്‌ ഊരിയെടുത്തു ; അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും ; അറസ്റ്റിന് സാധ്യത

കൊല്ലം : കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

ഫോറൻസിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീൽചെയ്തു. കിടക്കവിരി ഉൾപ്പെടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന. കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. 36 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി.

സ്വർണാഭരണങ്ങൾ ബാങ്ക്‌ ലോക്കറിൽനിന്ന്‌ മാർച്ച്‌ രണ്ടിനാണ്‌‌ സൂരജ്‌ എടുത്തത്‌. അന്നു‌ രാത്രിയിലാണ്‌ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ  ഉത്രയെ ആദ്യം പാമ്പുകടിച്ചത്‌.  പാമ്പുകടിയേറ്റ്‌ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവൻ സൂരജ്‌ ഊരിയെടുത്തതായി അന്വേഷണസംഘത്തിന്‌‌ വിവരം ലഭിച്ചിട്ടുണ്ട്‌.

അഞ്ചൽ ഏറത്തെ സ്വന്തം വീട്ടിൽ വെച്ച് മെയ് ഏഴിനാണ് ഉത്രയ്ക്ക് വീണ്ടും പാമ്പു കടിയേറ്റത്.  കിടപ്പുമുറിയിൽ പ്ലാസ്റ്റിക്‌ ജാറിൽ ഒളിപ്പിച്ചുവച്ച മുർഖനെക്കൊണ്ട്‌ രാത്രി സൂരജ്‌ ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുമുമ്പ്‌ സൂരജ്‌ പാമ്പുമായി വീട്ടിലേക്കു‌ വരുന്നത്‌ കണ്ടതായി ബന്ധു മൊഴി നൽകിയിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com