പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു; സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്

പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു; സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്
പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു; സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്. കുറ്റപത്രം സമർപ്പിച്ചത് മറച്ചു വച്ചാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ അഭിഭാഷകൻ കൂട്ടുനിന്നത്. ഹൈക്കോടതിയിലെ ഗവൺമെൻറ് പ്ലീഡർ സികെ പ്രസാദിനാണ് അഡ്വക്കേറ്റ് ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ‌ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും.

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സർക്കാർ അഭിഭാഷകനും പ്രതി ഭാഗവും ഒത്തുകളിച്ചത്. കുറ്റപത്രം നൽകിയ കേസിൽ, പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ഗവൺമെൻറ് പ്ലീഡർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഗുരുതര വീഴ്ച വരുത്തിയ ഗവൺമെൻറ് പ്ലീഡർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കമ്മീഷണർ എജിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ്  ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഒത്തുകളി പുറംലോകം അറിഞ്ഞതോടെ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിൻറെ അപേക്ഷ സ്വീകരിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കാനിരിക്കെയാണ്, കേസിൽ സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനെതിരെ നടപടിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതിഭാഗം അഭിഭാഷകനെതിരെ സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും ഹൈക്കോടതി തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com