ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ഒരാഴ്ച കൂടി നീട്ടി ; 14 വരെ പുനഃസംപ്രേഷണം

വിക്ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുക. ട്രയലിനിടെ അപാകതകള്‍ പരിഹരിക്കും
ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ഒരാഴ്ച കൂടി നീട്ടി ; 14 വരെ പുനഃസംപ്രേഷണം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾ എട്ടുമുതൽ 14 വരെ പുനഃസംപ്രേഷണം ചെയ്യാനാണ് തീരുമാനം.

വിക്ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുക. ട്രയലിനിടെ അപാകതകള്‍ പരിഹരിക്കും. എല്ലാ കുട്ടികൾക്കും ക്ലാസ്സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് വീടിന് സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍  ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതിനെ തുടർന്ന് മലപ്പുറത്ത് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. സൗകര്യങ്ങൾ ഉറപ്പാക്കാതെ, സർക്കാർ ധൃതിപിടിച്ച്  ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം. കാസര്‍കോട്ടെ 30000ലേറെ വരുന്ന ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനായിട്ടില്ല. കന്നഡ തമിഴ് മീഡിയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാത്തത് ഇടുക്കി അടക്കമുളള ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com