ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നാളെ മുതൽ, ഇന്ന് ബുക്കിങ് തുടങ്ങും; താലിപൂജ ഉണ്ടാകില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ 

വധൂവരന്മാരടക്കം 10 പേരെ മാത്രമേ ഒരു സംഘത്തിൽ അനുവദിക്കൂ
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നാളെ മുതൽ, ഇന്ന് ബുക്കിങ് തുടങ്ങും; താലിപൂജ ഉണ്ടാകില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ താലികെട്ട് നടത്താൻ ദേവസ്വം സൗകര്യമൊരുക്കും. രാവിലെ അഞ്ചു മണിമുതൽ ഉച്ചയ്ക്ക് 12 വരെയാണ് വിവാഹങ്ങൾ അനുവദിക്കുക. വധൂവരന്മാരടക്കം 10 പേരെ മാത്രമേ ഒരു സംഘത്തിൽ അനുവദിക്കൂ. രണ്ടരമാസത്തോളമായി നിർത്തിവെച്ച വിവാഹം സർക്കാരിന്റെ അനുമതിയോടെയാണ് പുനരാരംഭിക്കുന്നത്.

ക്ഷേത്രത്തിനു മുന്നിലെ ദേവസ്വം ബുക്ക് സ്റ്റാളിൽ ഇന്നു രാവിലെ 10മണി മുതൽ ബുക്കിങ് തുടങ്ങും. ബുക്ക് ചെയ്യാത്ത വിവാഹങ്ങൾ അനുവദിക്കില്ല. മൂന്ന്‌ കല്യാണമണ്ഡപവും തുറക്കും. ഒരേസമയം രണ്ട്‌ കല്യാണമാണ് നടക്കുക. താലിപൂജയ്ക്കു സൗകര്യമുണ്ടാകില്ല. 

വിവാഹസംഘം കിഴക്കേനടയിലൂടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ആണ് എത്തേണ്ടത്. ടോക്കൺ അനുസരിച്ചു വധൂവരന്മാർക്കും ബന്ധുക്കൾക്കും മണ്ഡപത്തിലേക്ക് പ്രവേശിക്കാം. ഓരോ വിവാഹത്തിനു ശേഷവും മണ്ഡപം അണുവിമുക്തമാക്കും. വിവാഹം കഴിഞ്ഞാൽ ദീപസ്തംഭത്തിനു മുന്നിൽ നിന്നു തൊഴുതു തെക്കേനട വഴി പുറത്തേക്കു പോകാം.
 
വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും മെഡിക്കൽ ഓഫിസർ നൽകുന്ന നോൺ ക്വാറന്റീൻ–നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകളും ബുക്ക് ചെയ്യുന്ന സമയത്തു ഹാജരാക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ട്. സെപ്റ്റംബർ വരെയുള്ള വിവാഹങ്ങൾക്ക് ബുക്കിങ് നടത്താനാണു തീരുമാനം. മാസങ്ങൾ കഴിഞ്ഞുള്ള വിവാഹത്തിന് ഇപ്പോഴേ സർട്ടിഫിക്കറ്റ് ലഭിക്കുമോ എന്നതാണു സംശയം. നോൺ ക്വാറന്റീൻ രേഖ നൽകാനാകില്ലെന്നു ഡോക്ടർമാർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ മറ്റൊരു സംസ്ഥാനത്തു ക്വാറന്റീൻ കഴിഞ്ഞു വരുന്ന ഒരാൾ അതു മറച്ചുവച്ചാൽ കണ്ടെത്താൻ മാർഗമില്ലെന്നതും ആശയക്കുഴപ്പത്തിന് കാരണമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com