പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തി; സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍?

മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പില്‍ കയറിയതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തി; സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍?

കോട്ടയം: കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍  മുഖ്യപ്രതി കസ്റ്റഡിയിലായതായി സൂചന. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് കസ്റ്റഡിയിലായത്. രാത്രിയോടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന.

മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പില്‍ കയറിയതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പെട്രോള്‍ പമ്പിലെ സിസി  ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇന്ധനം നിറയക്കാനാണ് ഇദ്ദേഹം പമ്പിലെത്തിയത്. കോട്ടയം- ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു ഇന്ധനം നിറച്ചത്.


കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചയാണ് ലക്ഷ്യമെന്ന് പറയാനാവില്ലെന്ന് കോട്ടയം എസ് പി ജി ജയദേവ് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച എല്ലാ വശവും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘമാണോ ഇതിന് പിന്നിലെന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. കാര്‍ ഇതുവരെ ട്രേസ് ചെയ്തിട്ടില്ലെന്നും എസ് പി ജയദേവ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് സാലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.  

വീട്ടില്‍നിന്ന് കാണാതായ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് കണ്ടെത്തി. കാണാതായ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കാറിന്റെ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് നായ കാര്‍ പോയതിന് എതിര്‍വശത്തേക്ക് ഓടിപ്പോയത് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്. അതിനാല്‍ കൃത്യത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.

കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവ് അബ്ദുള്‍ സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികള്‍ക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി പരിചയമുള്ളവരെ നിരീക്ഷിക്കാനും തുടരന്വേഷണത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദമ്പതികളെ ആക്രമിക്കാന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തര്‍ക്കം മുറുകിയതോടെ പ്രകോപിതരായ അക്രമികള്‍ മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്.

ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു. ഷീബയുടെ ശരീരത്തിലേയും അലമാരയിലും സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടെങ്കിലും കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com