ഷീബയ്ക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകള്‍, മോഷ്ടിച്ച കാറുമായി അക്രമികള്‍ കൊച്ചിയിലുമെത്തി, പിന്നില്‍ ക്വട്ടേഷന്‍ സംഘം ?

ദമ്പതികളെ ആക്രമിക്കാന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍
ഷീബയ്ക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകള്‍, മോഷ്ടിച്ച കാറുമായി അക്രമികള്‍ കൊച്ചിയിലുമെത്തി, പിന്നില്‍ ക്വട്ടേഷന്‍ സംഘം ?

കോട്ടയം : കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് നിഗമനം. പണമിടപാടുകളില്‍ ഉള്‍പ്പെടെ സജീവമായ താഴത്തങ്ങാടിയിലെ തന്നെ സംഘത്തിന്റെ പങ്കാണ് പൊലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവ് അബ്ദുള്‍ സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികള്‍ക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി പരിചയമുള്ളവരെ നിരീക്ഷിക്കാനും തുടരന്വേഷണത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദമ്പതികളെ ആക്രമിക്കാന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തര്‍ക്കം മുറുകിയതോടെ പ്രകോപിതരായ അക്രമികള്‍ മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്.

ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു.
ഷീബയുടെ ശരീരത്തിലേയും അലമാരയിലും സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടെങ്കിലും കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. വീട്ടില്‍നിന്ന് അക്രമികള്‍ മോഷ്ടിച്ച കാര്‍ കൊച്ചിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചു. വൈക്കം റോഡിലൂടെ ഈ കാര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സാലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com