അടിയേറ്റ് തലയോട്ടി തകര്‍ന്നു, മുഖത്തും ഗുരുതരമായ പരിക്ക്, മാരകമായ ആക്രമണം; ഷീബയുടെ ഭര്‍ത്താവിന്റെ നില ഗുരുതരം

വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്
അടിയേറ്റ് തലയോട്ടി തകര്‍ന്നു, മുഖത്തും ഗുരുതരമായ പരിക്ക്, മാരകമായ ആക്രമണം; ഷീബയുടെ ഭര്‍ത്താവിന്റെ നില ഗുരുതരം

കോട്ടയം: ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പാറപ്പാടത്ത് ഷീബ മന്‍സിലില്‍ എം.എ.അബ്ദുല്‍ സാലിയുടെ (65) നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മരുന്നുകളോട് സാലിയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. ഇതു ശുഭസൂചനയാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ന്യൂറോ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. കൊല്ലപ്പെട്ട കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലി.

തലയോട്ടി അടിയേറ്റു പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. മുഖത്തും ഗുരുതരമായി പരുക്കേറ്റിരുന്നു. നെറ്റിയുടെ ഇരുവശങ്ങളിലുമായി തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ഇത് ശസ്ത്രക്രിയയില്‍ നീക്കം ചെയ്തു. ജീവന്‍ നിലനിര്‍ത്താനും അണുബാധ ഉണ്ടാകാതിരിക്കാനുമുള്ള തീവ്രശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. ഏറെ വര്‍ഷങ്ങളായി ഞരമ്പ് സംബന്ധമായ രോഗത്തിനു സാലി ചികിത്സയിലായിരുന്നു. 

ഈ സാഹചര്യത്തില്‍ ഇത്തരം ക്രൂരമായ ആക്രമണം നേരിടാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ല. അതിമാരകമായ ആക്രമണം ഉണ്ടായതോടെ ആരോഗ്യ നില പൂര്‍ണമായി തകരാറിലായി. സാലിയുടെ ആരോഗ്യം പൊലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാലി സംസാരിച്ചാല്‍ കേസില്‍ വലിയൊരു വഴിത്തിരിവ് സംഭവിക്കും. 

അതേസമയം പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍  കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചി കലൂര്‍ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

അതേസമയം സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പെട്ടെന്നുളള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട ഷീബയുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. സംഭവ ദിവസം പ്രതി ഷീബയുടെ വീട്ടില്‍ വന്നിരുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ചില പണമിടപാടുകള്‍ നടന്നിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ഷീബയുമായി പ്രതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പെട്ടെന്നുളള പ്രകോപനത്തില്‍ തടി കൊണ്ടുളള ടീപോയ് ഉപയോഗിച്ച് ഷീബയുടെയും ഭര്‍ത്താവിന്റെയും തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അടുക്കള വാതില്‍ വഴി പുറത്തുകടന്ന പ്രതി വീട്ടില്‍ കടന്നിരുന്ന കാറുമായി കടന്നു കളയുകയായിരുന്നു. അക്രമിക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.പ്രതിയുമായി ബന്ധമുളള ഏഴുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

കുമരകം വൈക്കംആലപ്പുഴ വഴി കൊച്ചിയില്‍ എത്തിയ യുവാവിനെ അന്വേഷണത്തിനിടെ പിടികൂടുകയായിരുന്നു. കൊച്ചിയിലേക്ക് വരുംവഴി രണ്ട് പെട്രോള്‍ പമ്പുകളില്‍ പ്രതി കയറിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.  ഇന്ധനം നിറയക്കാനാണ് ഇദ്ദേഹം പമ്പിലെത്തിയത്. കോട്ടയം ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു ഇന്ധനം നിറച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com