'ഞങ്ങളെ ആരാണ് സംരക്ഷിക്കുക'; യാത്ര മുടങ്ങിയതിന്റെ ദുഃഖത്തിൽ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജീവനൊടുക്കി

യാത്രാപാസ് എടുത്ത് ചൊവ്വാഴ്ച രാത്രി ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു
'ഞങ്ങളെ ആരാണ് സംരക്ഷിക്കുക'; യാത്ര മുടങ്ങിയതിന്റെ ദുഃഖത്തിൽ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജീവനൊടുക്കി

ചെന്നൈ; ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷാണ് (41) മരിച്ചത്. യാത്രാപാസ് എടുത്ത് ചൊവ്വാഴ്ച രാത്രി ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

കോവിഡ് ഹോട്സ്പോട്ടായ ചെന്നൈയിൽനിന്ന്‌ വരേണ്ടെന്ന് നാട്ടിൽനിന്ന് ആരോ ഫോണിൽവിളിച്ച് ബിനീഷിനോട് പറഞ്ഞതായും വിവരമുണ്ട്. ഇതിന്റെ മനോവിഷമത്തിൽ യാത്ര വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിവരം. ബിനീഷിന്റെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. “ഒരു മലയാളി നാട്ടിലെത്തുമ്പോൾ കോവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ടുസർക്കാരുകളും തീവണ്ടിയും ബസും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളർന്ന ഞങ്ങളെ ആരുസംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കിൽ എന്റെ മൃതദേഹം നാട്ടിൽ അടക്കംചെയ്യണം” -ആത്മഹത്യക്കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ 30-നാണ് മലയാളിസംഘടനവഴി ബിനീഷ് നാട്ടിലേക്കുള്ള യാത്രാപാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസിൽ ബിനീഷിന് യാത്രാസൗകര്യമൊരുക്കി. എന്നാൽ, അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. ബിനീഷിന് ക്വാറന്റീനിൽ കഴിയാൻ വീട്ടിൽ സൗകര്യം ഒരുക്കി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ. ബിനീഷിന്റെ ഭാര്യയും മകളും ഭാര്യയുടെ വീട്ടിലായിരുന്നു. പ്രായമായ അമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർച്ചിരുന്നുവെന്നും സഹോദരീഭർത്താവ് സജീവൻ പറഞ്ഞു. 

കഴിഞ്ഞ മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലിചെയ്തുവരുകയായിരുന്നു. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർഥിനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com