ലോക്ക്ഡൗണ്‍ ലംഘിച്ച് സമരം; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ് 

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്
ലോക്ക്ഡൗണ്‍ ലംഘിച്ച് സമരം; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ് 

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് സമരം ചെയ്തതിനാണ് കേസ് എടുത്തത്. സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് ആധാരം.

കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തില്‍ പ്രളയ ഫണ്ടില്‍ നിന്ന്  27 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് വിവാദമായ സംഭവം. ഇതിന് പുറമേ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലും പുതിയ കേസ് എടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് സമരവുമായി രംഗത്തുവന്നത്. ഇത് ലോക്ക്ഡൗണ്‍ ചട്ട ലംഘനമാണ് എന്ന് കാണിച്ചാണ് ബെന്നി ബഹ്‌നാന്‍, പി ടി തോമസ്, ടി ജെ വിനോദ്്, റോജി ജോണ്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുളള സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് ആധാരം.

കലക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള  പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണ് 73 ലക്ഷം രൂപയുമായി ബന്ധപ്പെട്ടത്. കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ  പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജില്ലാ കലക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തില്‍ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തല്‍ ഉണ്ടാകുന്നത്. കലക്ടര്‍റുടെ നിദ്ദേശപ്രകാരമാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്. 

73,13,100 രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍ തന്നെ അപഹരിച്ചതാകാമെന്നാണ് കണക്കുകൂട്ടല്‍. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കം അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

വ്യാജ രസീതുകള്‍ വഴിയാണ് തുക തട്ടിയതെന്നാണ്  വിലയിരുത്തല്‍. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദ്  പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കലക്ടറേറ്റില്‍ െ്രെകം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കലക്ടറേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്‍കിയത്. ഈ വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കള്‍ കേസില്‍ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൌറത്ത്, എന്‍എന്‍ നിതിന്‍, നിതിന്റെ ഭാര്യ ഷിന്റു എന്നിവര്‍ കേസില്‍ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കി. സിപിഎം  നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസില്‍ ഈ പ്രതികള്‍ക്കുള്ള പങ്കിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com