വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ചെങ്ങളം സ്വദേശി അറസ്റ്റില്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍, കാറും കവര്‍ന്ന സ്വര്‍ണവും തിരയുന്നു

കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ചെങ്ങളം സ്വദേശി അറസ്റ്റില്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍, കാറും കവര്‍ന്ന സ്വര്‍ണവും തിരയുന്നു

കോട്ടയം: കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന ചെങ്ങളം സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെട്ടെന്നുളള പ്രകോപനമാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് വഴിത്തിരിവായത്.

കൊല്ലപ്പെട്ട ഷീബയുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം പ്രതി ഷീബയുടെ വീട്ടില്‍ വന്നിരുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ചില പണമിടപാടുകള്‍ നടന്നിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ഷീബയുമായി പ്രതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പെട്ടെന്നുളള പ്രകോപനത്തില്‍ തടി കൊണ്ടുളള ടീപോയ് ഉപയോഗിച്ച് ഷീബയുടെയും ഭര്‍ത്താവിന്റെയും തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അടുക്കള വാതില്‍ വഴി പുറത്തുകടന്ന പ്രതി വീട്ടില്‍ കടന്നിരുന്ന കാറുമായി കടന്നു കളയുകയായിരുന്നു. അക്രമിക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിയുമായി ബന്ധമുളള ഏഴുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

കുമരകം- വൈക്കം-ആലപ്പുഴ വഴി കൊച്ചിയിലേക്ക് കടന്ന യുവാവിനെ അന്വേഷണത്തിനിടെ പിടികൂടുകയായിരുന്നു. കൊച്ചിയിലേക്ക് വരുംവഴി രണ്ട് പെട്രോള്‍ പമ്പുകളില്‍ പ്രതി കയറിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.  ഇന്ധനം നിറയക്കാനാണ് ഇദ്ദേഹം പമ്പിലെത്തിയത്. കോട്ടയം ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു ഇന്ധനം നിറച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് സാലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.  

വീട്ടില്‍നിന്ന് കാണാതായ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് കണ്ടെത്തി. കാണാതായ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കാറിന്റെ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് നായ കാര്‍ പോയതിന് എതിര്‍വശത്തേക്ക് ഓടിപ്പോയത് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്. അതിനാല്‍ കൃത്യത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി പരിചയമുള്ളവരെ നിരീക്ഷിക്കാനും തുടരന്വേഷണത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദമ്പതികളെ ആക്രമിക്കാന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു. ഷീബയുടെ ശരീരത്തിലേയും അലമാരയിലും സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടെങ്കിലും കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com