'വീട്ടമ്മയെ ഷോക്കേല്‍പ്പിച്ച് കൊല്ലാനുളള രീതി ഒരു വിദഗ്ധന് മാത്രമേ സാധിക്കൂ', അന്വേഷണം ബിലാലിലേക്ക് എത്തിയത് ഇങ്ങനെ 

കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങളും ഷോക്കേല്‍പ്പിക്കാനുളള ശ്രമവും
'വീട്ടമ്മയെ ഷോക്കേല്‍പ്പിച്ച് കൊല്ലാനുളള രീതി ഒരു വിദഗ്ധന് മാത്രമേ സാധിക്കൂ', അന്വേഷണം ബിലാലിലേക്ക് എത്തിയത് ഇങ്ങനെ 

കോട്ടയം: കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങളും ഷോക്കേല്‍പ്പിക്കാനുളള ശ്രമവും. കൊലപാതകത്തിന് ശേഷം ഷീബയുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുമായാണ് പ്രതി മുഹമ്മദ് ബിലാല്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഇന്ധനം നിറയ്ക്കാന്‍ എത്തിയ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായ ഒരു ഘടകം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിലാലിനോട് സാദൃശ്യം തോന്നി. ഇത് ബിലാലാണ് കൃത്യത്തിന് പിന്നിലെന്ന സംശയം വര്‍ധിപ്പിച്ചു. ഇതിന് പുറമേ വീട്ടമ്മയെയും ഭര്‍ത്താവ് മുഹമ്മദ് സാലിയെയും ഷോക്കേല്‍പ്പിക്കാനുളള ശ്രമവും പ്രതി ബിലാല്‍ തന്നെയാണ് എന്ന സംശയം ബലപ്പെടുത്തി.  വിദഗ്ധനായ ഒരാള്‍ക്ക് മാത്രമേ ശരീരത്തില്‍ കമ്പി ചുറ്റി ഷോക്കേല്‍പ്പിക്കുക എന്ന ആശയം ഉയര്‍ന്നുവരികയുളളൂ. ഹോട്ടല്‍ ജോലി അടക്കം നിരവധി തൊഴിലുകള്‍ ചെയ്ത് ശീലമുളള ആളാണ് ബിലാല്‍. പ്ലംബിങ് ,വയറിംഗ് പോലുളള ജോലികള്‍ക്കും ബിലാല്‍ പോകാറുണ്ട്. ഇതെല്ലാം കൂട്ടിയിണക്കി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

താഴത്തങ്ങാടി സ്വദേശി തന്നെയായ 23 കാരനായ മുഹമ്മദ് ബിലാല്‍ ഷീബയുടെ അയല്‍വാസിയാണ്. അതിനാല്‍ തന്നെ ഇവര്‍ പരിചയക്കാരാണ്. 
മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുളള പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. 

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷീബയുടെ അയല്‍വാസിയാണ് ബിലാല്‍. അതിനാല്‍ ഇവര്‍ പരിചയക്കാരാണ്. ഈ പരിചയം മുതലാക്കിയാണ് ബിലാല്‍ രാവിലെ വീട്ടില്‍ എത്തിയത്. മോഷണശ്രമം തടയാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ആദ്യം ഭര്‍ത്താവിനെയാണ് ആക്രമിച്ചത്. തുടര്‍ന്നാണ് ഷീബയ്ക്ക് നേരെ ആക്രമണം നടന്നത്. ടീപോയ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ടീപോയി ഒടിഞ്ഞതിനെ തുടര്‍ന്ന് ഒടിഞ്ഞ ഭാഗം ഉപയോഗിച്ച് വീണ്ടും ആക്രമിച്ച് മരണം ഉറപ്പാക്കാന്‍ പ്രതി ശ്രമിച്ചതായി എസ്പി പറയുന്നു.

മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. ഷീബയുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഷീബ കൊല്ലപ്പെട്ട ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പുറമേ ഷോക്കേല്‍പ്പിച്ച് കൊല്ലാനുളള ശ്രമവും നടത്തിയതായി എസ് പി പറയുന്നു. ഷീബ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ പ്രതി മുറിയില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തുടര്‍ന്ന് ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ വഴിയാണ് പുറത്തേയ്ക്ക പോയത്. ഇതിന് മുന്നോടിയായി വീട്ടിനകത്ത് നിന്ന് കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി. മുന്‍വശത്ത് കിടന്നിരുന്ന വാഗണ്‍ ആര്‍ കാര്‍ എടുത്ത് കൊച്ചിയിലേക്ക് പ്രതി കടന്നുകളയുകയായിരുന്നു. ഏകദേശം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്നും എസ്പി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ മുഹമ്മദ് ബിലാലിനോടുളള സാദൃശ്യമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊച്ചിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ബിലാല്‍. ഇതിന് പുറമേ പ്ലംബിങ് പോലുളള പണികളും ചെയ്തിരുന്നു. ഷോക്കേല്‍പ്പിക്കാന്‍ കമ്പി ശരീരത്തില്‍ ചുറ്റിയത് ഉള്‍പ്പെടെയുളള സംഭവികാസങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദഗ്ധനായ ഒരാള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുളളൂ എന്ന് മനസിലായി. ഈ അന്വേഷണം ബിലാലാണ് കൃത്യത്തിന് പിന്നിലെന്ന സംശയം വര്‍ധിപ്പിച്ചതായി എസ്പി പറയുന്നു.

കുമരകം- വൈക്കം-ആലപ്പുഴ വഴി കൊച്ചിയിലേക്ക് കടന്ന യുവാവിനെ അന്വേഷണത്തിനിടെ പിടികൂടുകയായിരുന്നു. കൊച്ചിയിലേക്ക് വരുംവഴി രണ്ട് പെട്രോള്‍ പമ്പുകളില്‍ പ്രതി കയറിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.  ഇന്ധനം നിറയക്കാനാണ് ഇദ്ദേഹം പമ്പിലെത്തിയത്. കോട്ടയം ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു ഇന്ധനം നിറച്ചത്. കേസില്‍ കൂട്ടുപ്രതികള്‍ ഇല്ലെന്നും എസ്പി ജയദേവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com